കെ.പി.എൽ മൈതാനത്ത് വെളിച്ചം പോരാ
text_fieldsകണ്ണൂർ: കേരള പ്രീമിയർ ലീഗിലെ രണ്ടാംഘട്ട മത്സരങ്ങൾ നടക്കുന്ന കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വേണ്ട സൗകര്യങ്ങളില്ലെന്ന് പരാതി. കളിക്കാർക്ക് ഡ്രസിങ് റൂം ഇല്ലെന്നതാണ് പ്രധാന പരാതി. ഗാലറിയിലെ മുകൾവശത്തിരുന്നാണ് കളിക്കാർ ഡ്രസ് മാറുന്നത്. ഡ്രസിങ് റൂമിനു പകരം കർട്ടൻ കെട്ടി മറയ്ക്കുകയാണ് ചെയ്തത്. പരിശീലകനും റിസർവ് താരങ്ങൾക്കും ഇരിക്കാൻ മൈതാനത്തിനരികെ സജ്ജമാക്കുന്ന ഡഗ് ഔട്ടും ഇതുപോലെ തട്ടിക്കൂട്ടിയതാണ്.
ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആവശ്യത്തിന് വെളിച്ചവുമില്ല. കോർണർ കിക്കെടുക്കുന്ന കളിക്കാരനെ സ്വന്തം ടീമിലെയോ എതിർ ടീമിലെയോ കളിക്കാർക്ക് കാണാൻ കഴിയുന്നില്ല. പന്ത് ഉയർന്നുവരുമ്പോൾ മാത്രമാണ് കിക്കെടുത്തത് മനസ്സിലാവുന്നത്. മൈതാനത്തിന്റെ എല്ലാ മൂലകളിലും വെളിച്ചക്കുറവുണ്ട്. ഗുണനിലവാരമുള്ള ഫ്ലഡ്ലിറ്റ് സ്ഥാപിക്കാൻ കഴിയാത്തതാണ് വെളിച്ചക്കുറവിന് കാരണം.
കേരളത്തിലെ ഏറ്റവും പ്രധാന ക്ലബുകൾ മാറ്റുരക്കുന്ന ലീഗ് ടൂർണമെന്റിനാണ് ഈ ഗതി. കേരള ഫുട്ബാൾ അസോസിയേഷന് കനത്ത ഫീസ് നൽകി പങ്കെടുക്കുന്ന ടൂർണമെന്റിൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാത്തതിൽ കളിക്കാർക്കും ക്ലബുകൾക്കും പ്രതിഷേധമുണ്ട്. എന്നാൽ, പരസ്യമായി ആരും പ്രതികരിക്കുന്നില്ല. കനത്ത തുകക്കാണ് 2019ൽ കെ.പി.എൽ ടൈറ്റിൽ സ്പോൺസറെ തിരഞ്ഞെടുത്തത്. 12 വർഷത്തേക്ക് 350 കോടി രൂപയാണ് സ്കോർ ലൈൻ ഫുട്ബാൾ അക്കാദമിയുടെ സ്പോൺസർഷിപ് തുക. എന്നാൽ, 30 ദിവസത്തെ ടൂർണമെന്റിന് നാലു ലക്ഷത്തോളം രൂപ മാത്രമാണ് കെ.എഫ്.എ ചെലവിടുന്നത്.
ടൂർണമെന്റിന് വേണ്ടത്ര പരസ്യം ലഭിക്കാത്തതിനാൽ പ്രതീക്ഷിച്ചത്ര കാണികളുമില്ല. ആദ്യത്തെ രണ്ടു ദിവസം അത്യാവശ്യം കാഴ്ചക്കാരുണ്ടായിരുന്നുവെങ്കിലും മൂന്നാം ദിവസം വിരലിലെണ്ണാവുന്നവർ മാത്രമാണ് കളി കാണാനെത്തിയത്. ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്നവരുള്ള കണ്ണൂരിൽ ഒന്നര പതിറ്റാണ്ടിന് ശേഷം വിരുന്നുവന്ന പ്രധാന ടൂർണമെന്റ് വേണ്ടത്ര തയാറെടുപ്പില്ലാതെ നടത്തിയതിൽ ഫുട്ബാൾ ആരാധകർക്കും അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.