ആവശ്യത്തിന് ചരക്കില്ല; ഉരു ബേപ്പൂർ വഴി
text_fieldsഅഴീക്കോട്: ലക്ഷദ്വീപിലേക്ക് ചരക്ക് കടത്താനായി അഴീക്കൽ തുറമുഖത്ത് എത്തിയ ഉരു ചരക്ക് ലഭിക്കാത്തതിനെ തുടർന്ന് ബേപ്പൂരിലേക്ക് തിരിച്ചു. നവംബർ 24നാണ് ഉരു അഴീക്കോട് തീരത്തെത്തിയത്. 280 ടൺ ചരക്ക് കയറ്റാനുള്ള ഉരുവിൽ ആകെ 100 ടൺ സിമന്റ് മാത്രമാണ് ലഭിച്ചത്.
കൂടുതൽ ചരക്കുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയുംകാലം അഴീക്കോട് ഉരു തങ്ങിയത്. കെട്ടിടനിർമാണ സാമഗ്രികൾക്ക് അമിതവില നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റുതലത്തിൽ ചരക്കുകൾ സ്വരൂപിക്കാൻ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ല.
മിതമായനിരക്കിൽ കെട്ടിടനിർമാണ സാധനങ്ങളടക്കം ആവശ്യമായ ചരക്ക് കിട്ടുമെന്നതിനാലാണ് ഉരു നേരെ ബേപ്പൂരിലേക്ക് മടങ്ങിയത്. എന്നാൽ, ലക്ഷദ്വീപിൽനിന്ന് തിരിച്ച് അഴീക്കോട്ടേക്ക് ചരക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഉരുവിലെ ജീവനക്കാർ പറഞ്ഞു.
അഴീക്കോട്ടുനിന്ന് കൂടുതൽതവണ ദ്വീപിലേക്ക് സർവിസ് നടത്താനുള്ള ഒരുക്കത്തോടെ എത്തിയ ഉരുവിലെ ജീവനക്കാർ ഏറെ നിരാശയോടെയാണ് മടങ്ങിയത്. മംഗളൂരു, ബേപ്പൂർ തുറമുഖങ്ങളെ അപേക്ഷിച്ച് ഒരടി ചരക്കിന് 10 രൂപ മുതൽ 20 രൂപവരെ വില കൂടുതലാണ് ഇവിടത്തെ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
ഇത്രയും അമിതമായ തുക നൽകി ചരക്കുകൾ കയറ്റിക്കൊണ്ടുപോയാൽ കമ്പനിക്കാർ ഭീമമായ നഷ്ടം നേരിടേണ്ടിവരും. അതിന് ഇവർ തയാറല്ല. കെ.വി. സുമേഷ് എം.എൽ.എയുടെ നിർദേശപ്രകാരം ചേംബർ ഓഫ് കോമേഴ്സിനെ സമീപിച്ചെങ്കിലും അവരിൽനിന്ന് അനുകൂല സമീപനമുണ്ടായില്ല.
ദിവസം 750 രൂപ തുറമുഖത്തിന് ഡമറേജ് ഉണ്ട്. ഒമ്പത് തൊഴിലാളികളുടെ ചെലവ് വഹിക്കണം. അധികനാൾ ഉരു അഴീക്കോട്ട് തമ്പടിച്ചാൽ കൂടുതൽ നഷ്ടം സഹിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് മടങ്ങിയത്. അഴീക്കോട് തുറമുഖത്ത് നങ്കൂരമിട്ട നാൾ മുതൽ തുറമുഖ വാടകയും ദിനംപ്രതി കൂടിവരുകയാണ്.
കൽപേനി, കവരത്തി, ആന്ത്രോത്ത് എന്നീ ദ്വീപിൽനിന്നുമാണ് ചരക്കുകൾക്കായി കൂടുതൽ ഓർഡർ ലഭിക്കുന്നത്. ദ്വീപിൽനിന്ന് തിരികെ കൊണ്ടുവരാൻ ആവശ്യത്തിന് മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.