വെറും വേസ്റ്റല്ല, കോടികളുടെ ലേലം വിളി
text_fieldsബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സോൻഡ ഇൻഫ്ര ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിവാദത്തിലായപ്പോഴാണ് മാലിന്യനീക്കത്തിലെ കോടികളുടെ ഇടപാടുകൾ വീണ്ടും ചർച്ചയാവുന്നത്.
ചീഞ്ഞളിഞ്ഞ മാലിന്യം അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് സംസ്കരിക്കുന്നതിന് കോടികൾ വേണ്ടിവരുമല്ലോ എന്നാണ് പലരും വിശ്വസിക്കുക. എന്നാൽ, അതൊന്നുമല്ല യാഥാർഥ്യം. അത്രവലിയ സാങ്കേതിക വിദ്യയൊന്നും ഖരമാലിന്യ സംസ്കരണത്തിൽ പലയിടത്തുമില്ല. ഏറക്കുറെ ഒപ്പിക്കൽ സംസ്കരണ പ്രക്രിയ.
ഇതിനുള്ള ടെണ്ടർ ഇടപാടുകളും എസ്റ്റിമേറ്റ് തുകയുമെല്ലാം അറിയുമ്പോഴാണ് വെറും വേസ്റ്റല്ല ഈ ഇടപാടുകളെന്ന് ബോധ്യപ്പെടുക. ഒരേ കമ്പനി തന്നെ വ്യത്യസ്ത പേരുകളിൽ ടെണ്ടറിന് അപേക്ഷ നൽകും.
കരാർ ലഭിച്ചാൽ ഉപകരാറായി മറ്റൊരു കമ്പനിക്ക് മറിച്ചു നൽകും. ഇതിലൂടെ കൈ നനയാതെ കോടികൾ കീശയിലേക്ക് വരും. ചേലോറയിലെ മാലിന്യനീക്കത്തിന് സോൻഡ കമ്പനിയുമായുള്ള കരാർ റദ്ദാക്കി റീടെണ്ടർ നൽകിയപ്പോൾ പങ്കെടുത്ത ഒരു കമ്പനി സോൻഡയുടെ തന്നെ നോമിനികളാണെന്ന ആരോപണമുയർന്നിരുന്നു. ദിവസങ്ങളോളം നടക്കുന്ന സംസ്കരണ പ്രക്രിയക്കിടയിലാണ് മാലിന്യക്കൂനകൾക്ക് തീപിടിക്കുന്നത്. ഒന്നും രണ്ടും മൂന്നും തവണയല്ല തീപിടിക്കുന്നത്. ചെറിയ തീപിടിത്തങ്ങളാണധികവും. തീ ഉപയോഗിച്ച് മാലിന്യ സംസ്കരണ പ്രക്രിയ നടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരിഹാസം. ഇതാണ് ചില തീപിടിത്തങ്ങൾ സംശയിക്കാനും പ്രധാന കാരണം.
ആ മണ്ണിന് അത്ര പ്രിയമൊന്നുമില്ല
ഖരമാലിന്യം വേർതിരിക്കുക വഴി വൻതോതിൽ മണ്ണാണ് ലഭിക്കുക. ചേലോറ പ്ലാന്റിൽ വലിയ മൺകൂനകൾ തന്നെ കാണാം. മണൽ കലർന്ന ഈ മണ്ണ് റോഡ് ആവശ്യത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് കലർന്ന മണ്ണും റോഡ് ആവശ്യത്തിനോ മറ്റോ ലോറിയിൽ കയറ്റിപോകുന്നു. ഇതുവഴി കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു. വളക്കൂറുള്ള മണ്ണ് ആണെങ്കിലും ചെമ്മണ്ണിന്റെ അത്ര താൽപര്യം ലോറിക്കാർക്കുമില്ലെന്ന് ഇവർ പറഞ്ഞു. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കും കൊണ്ടുപോകാൻ ആരും വരില്ല. പ്രത്യേക ചാക്കുകളിലാക്കി പ്ലാസ്റ്റിക് നിർമാണ യൂനിറ്റിലെത്തിക്കുന്നതിന് വലിയ ചെലവുണ്ടെന്നും ഇവർ പറഞ്ഞു.
21.23 കോടി ചോദിച്ചു, 7.92 കോടിക്ക് കരാർ
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ കൂട്ടിയിട്ട മാലിന്യം വേർതിരിച്ച് നീക്കം ചെയ്യുന്നതിന് സോൻഡ കമ്പനി ചോദിച്ചത് 21.23 കോടി രൂപ. ഇതേ മാലിന്യം നീക്കൽ കരാറുറപ്പിച്ചത് 7.92 കോടിക്ക്. കരാർ എടുത്തത് പൂണെ ആസ്ഥാനമായുള്ള റോയൽ വെസ്റ്റേൺ കമ്പനി. കുറഞ്ഞ തുകക്ക് ടെണ്ടർ ഉറപ്പിക്കുക വഴി കണ്ണൂർ കോർപറേഷനും ഭരണസമിതിക്കും അഭിമാനിക്കാനേറെയുണ്ട്. പക്ഷേ, 21.23 കോടി വരെ ചോദിച്ച പ്രവൃത്തി 7.92 കോടിക്കും ചെയ്യാൻ കഴിയുമെങ്കിൽ മാലിന്യ നീക്കത്തിന് എത്രയാണ് യഥാർഥത്തിൽ ചെലവ്. കുറഞ്ഞ തുകക്ക് കരാർ എടുത്ത കമ്പനിക്കും നാട് നന്നാക്കുകയല്ല ലക്ഷ്യമെന്നും ലാഭം തന്നെയാണ് പ്രധാനമെന്നും എല്ലാവർക്കുമറിയാം. ഈ കണക്കുകൾ താരതമ്യം ചെയ്യുമ്പോഴാണ് മാലിന്യ സംസ്കരണ പദ്ധതിയിലെ വൻ ബിസിനസ് സാധ്യതകൾ തെളിയുന്നത്.
കോഴിക്കോട് എൻ.ഐ.ടി നടത്തിയ പരിശോധന വഴി 1,23,832 ക്യുബിക് മീറ്റർ മാലിന്യമാണ് ചേലോറയിലുള്ളത്. ക്യുബിക് മീറ്ററിന് 1715 രൂപ നിരക്കിലാണ് സോൻഡ കമ്പനി 21.23 കോടി ചോദിച്ചത്. ഇത് കോർപറേഷൻ വിസ്സമ്മതിച്ചതോടെയാണ് അവരെ ഒഴിവാക്കി പുതിയ ടെണ്ടർ ക്ഷണിച്ചത്. നാലു കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തു. സിഗ്മ ഗ്ലോബൽ 17.11കോടി, ഇൻറലിക് സിസ്റ്റം 18.61കോടി, എം.സി.കെ. കുട്ടി എൻജിനീയറിങ് 14.23 കോടി, റോയൽ വെസ്റ്റേൺ 7.92 കോടി എന്നിങ്ങനെയായിരുന്നു ടെണ്ടർ നൽകിയ കമ്പനികളും നിശ്ചയിച്ച തുകയും. ഒരു ക്യുബിക് മീറ്റർ മാലിന്യ സംസ്കരണത്തിന് സോൻഡ കമ്പനി 1715 രൂപ ചോദിച്ചിരുന്ന സ്ഥാനത്ത് റോയൽ വെസ്റ്റേൺ ആവശ്യപ്പെട്ടത് വെറും 640 രൂപ. മൂന്നിരട്ടിയോളം രൂപയുടെ വ്യത്യാസം. ഇങ്ങനെയുള്ള കണക്കുകൾ താരതമ്യം ചെയ്യുമ്പോഴാണ് മാലിന്യമല്ല സ്വർണമാണ് ഖനനം ചെയ്യുന്നത് എന്ന് ബോധ്യപ്പെടുക.
2022 ഒക്ടോബർ 22നാണ് ചേലോറയിൽ മാലിന്യ സംസ്കരണ പ്രവൃത്തി ആരംഭിച്ചത്. പതിറ്റാണ്ടുകളായി കൂട്ടിയിട്ട മാലിന്യം വേർതിരിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി തുടങ്ങാനായത് വലിയ നേട്ടമായി കോർപറേഷൻ ഭരണസമിതി കാണുന്നു.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.