'ജോണീസ്' ബാധിച്ച ആടുകൾക്ക് വധശിക്ഷ വിധിച്ച് വെറ്ററിനറി വകുപ്പ്
text_fieldsകണ്ണൂർ: കൊമ്മേരിയിലെ സർക്കാർ ആടുവളർത്തൽ കേന്ദ്രത്തിലെ 'ജോണീസ്' രോഗം ബാധിച്ച 35ഓളം ആടുകളെ വിഷം നൽകി കൊല്ലാനുള്ള നിർദേശവുമായി വെറ്ററിനറി വകുപ്പ്. ജോണീസ് രോഗത്തിന് മരുന്നും വാക്സിനും ലഭ്യമാണെന്നിരിക്കെയാണ് വർഷങ്ങളായി ആടുകളെ വിഷം കുത്തിവെച്ച് കൊല്ലുന്നത്.
കൊമ്മേരിയിൽ മാത്രമല്ല പാറശ്ശാലയിലെയും അട്ടപ്പാടിയിലെയും ആടുവളർത്തൽ കേന്ദ്രങ്ങളിലും ആടുകളെ നിർദാക്ഷിണ്യം കൊല്ലുന്ന രീതിയാണ് മൃഗസംരക്ഷണ വകുപ്പ് അവലംബിക്കുന്നത്. കൊമ്മേരിയിൽ കഴിഞ്ഞവർഷം മാത്രം, രോഗം ബാധിച്ച 20ഒാളം ആടുകളെ കൊന്നൊടുക്കിയതായാണ് വിവരം.കൊമ്മേരിയിലെ രോഗബാധിതരായ ആടുകളെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ജില്ല പഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് നേരത്തെ അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന്, രോഗം ബാധിച്ച ആടുകളെ കൊല്ലാനുള്ള മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ, ആടുകളെ കൊല്ലുകയാണ് ഏക വഴിയെന്ന വിചിത്ര വാദം അടങ്ങിയ റിപ്പോർട്ടാണ് ഇതുസംബന്ധിച്ച് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ സർക്കാറിന് നൽകിയത്.ആടുകളെ കൊല്ലാൻ നിർദേശം നൽകിയത് വിവാദമായിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നു. ചികിത്സക്കും പ്രതിരോധത്തിനും വാക്സിൻ ലഭ്യമായ കാലത്ത് ഇത്തരം നിർദേശം നൽകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയരുന്നത്. ഉത്തരവിനുമുമ്പ് വിദഗ്ധ അഭിപ്രായം തേടിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പുതുതായി വാങ്ങിയ ആടുകളിലാണ് കൊമ്മേരി ഫാമിൽ രോഗം കണ്ടെത്തിയത്.
വെറ്ററിനറി വകുപ്പിെൻറ 'വധശിക്ഷ'ക്കെതിരെ എസ്.പി.സി.എ
കണ്ണൂർ: ജോണീസ് ബാധിതരായ ആടുകളെ കൊല്ലരുതെന്ന് ഹരജി. കൊമ്മേരിയിലെ സർക്കാർ ആടുവളർത്തൽ കേന്ദ്രത്തിലെ ജോണീസ് ബാധിച്ച 35ഓളം ആടുകളെ കൊല്ലാനുള്ള വെറ്ററിനറി വകുപ്പിെൻറ നീക്കത്തിനെതിരെയാണ് കണ്ണൂർ എസ്.പി.സി.എയുടെ നീക്കം. ആടുകളെ വിഷംകൊടുത്തു കൊല്ലുന്നത് ക്രൂരതയാണെന്നു കാണിച്ചാണ് എസ്.പി.സി.എ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹരജി നൽകിയത്. ഇതിൽ സർക്കാറിനും വെറ്ററിനറി വകുപ്പിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. തീർത്തും ചെലവുകുറഞ്ഞ മരുന്നും വാക്സിനും ജോണീസ് രോഗത്തിന് ലഭ്യമാണ്.
ഉത്തർപ്രദേശ് ആസ്ഥാനമായ മരുന്നുകമ്പനി വാക്സിെൻറ സാങ്കേതികവിദ്യ കേരള സർക്കാറിന് സൗജന്യമായി കൈമാറാമെന്ന് സമ്മതിച്ചിട്ടും സർക്കാറും മൃഗസംരക്ഷണ വകുപ്പും നടപടി കൈക്കൊള്ളാൻ തയാറായില്ലെന്ന് ഹരജിക്കാർ ആരോപിച്ചു. മൃഗസംരക്ഷണ വിദഗ്ധരായ ശാസ്ത്രജ്ഞന്മാരും ഹരജിയിൽ കക്ഷിചേർന്നിട്ടുണ്ട്.
ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ കെ. ബാബു, പ്രതാപൻ നമ്പ്യാർ, എം.ആർ. ഹരീഷ് എന്നിവർ ഹാജരായി. സർക്കാറിെൻറയും മൃഗസംരക്ഷണ വകുപ്പിെൻറയും വാദം കേൾക്കാൻ ഹരജി തിങ്കളാഴ്ച പരിഗണിക്കും.
ആടുകളെ തരൂ...അസുഖം മാറ്റാം ...
കണ്ണൂർ: ആടുവളർത്തു കേന്ദ്രത്തിലെ ആടുകളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്നും രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ആടുകളെ വിട്ടുതരണമെന്നും എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ ഡയറക്ടർ പ്രഫ. ഇ.കുഞ്ഞിരാമൻ. ഇൗ ആവശ്യമുന്നയിച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.പറശ്ശിനിക്കടവിലെ എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ അനിമൽ റെസ്ക്യൂ സെൻററിൽ ആടുകളെ കൊണ്ടുവന്ന് അവയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും അതിനുവേണ്ടിയുള്ള ചികിത്സാ സൗകര്യങ്ങളും മറ്റും ചെയ്തുതരണമെന്നും അദ്ദേഹം കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കുപുറമെ മൃഗസംരക്ഷണ മന്ത്രി, എക്സൈസ് മന്ത്രി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.
ആടുകളെ കൊല്ലുന്നത് പരിഹാരമല്ല–ഡോ. ഷുർ വീർ സിങ്
കണ്ണൂർ: ആടുകളെ കൊല്ലരുതെന്നും രോഗം ചികിത്സിച്ചു ഭേദമാക്കാമെന്നും രോഗബാധക്കെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ, കേന്ദ്ര സർക്കാറിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഓൺ ഗോട്സിലെ ശാസ്ത്രജ്ഞൻ ഡോ. ഷുർ വീർ സിങ്. കേരള ഗവർണർക്കും മുഖ്യമന്ത്രിക്കുമയച്ച കത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആടുകളെ രക്ഷപ്പെടുത്തിയാൽ അത് പ്രസവിക്കുന്നതിലോ മറ്റോ ഒരു പ്രശ്നങ്ങളുമില്ലെന്നും ഷുർ വീർ സിങ് അറിയിച്ചു. രോഗം ബാധിച്ച ആടുകളെ കൊന്നുകളയുന്നതുകൊണ്ട് രോഗനിയന്ത്രണം അസാധ്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ഷുർ വീർ സിങ് കണ്ണൂരിലേക്ക്
കണ്ണൂർ: ആടുകളിലെ രോഗം മാറ്റാനായി പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. ഷുർ വീർ സിങ്, റിട്ട. വെറ്ററിനറി അസി. ഡയറക്ടർ ഡോ.പി.വി. മോഹനൻ, എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിലെ ഡോ. വിമൽ രാജ് എന്നിവരടങ്ങിയ വിദഗ്ധ ടീമിനെ ചുമതലപ്പെടുത്തി. ഡോ. ഷുർ വീർ സിങ് അടുത്തയാഴ്ച വാക്സിനുമായി കണ്ണൂരിലെത്തും.ആളൊഴിഞ്ഞ ഒറ്റപ്പെട്ട സ്ഥലത്തായിരിക്കും ആടുകളെ പാർപ്പിക്കുക. രോഗചികിത്സ സംബന്ധിച്ചുള്ള ശാസ്ത്രീയമായ രേഖകൾ തയാറാക്കി ടീം പ്രസിദ്ധീകരിക്കും. ഭാവിയിൽ സംസ്ഥാനത്തിന് അനുവർത്തിക്കാവുന്ന പ്ലാൻ തയാറാക്കി നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.