ആനവണ്ടിക്ക് നമ്പർ: ആശയം കണ്ണൂർ സർവകലാശാലയുടെത്
text_fieldsകണ്ണൂർ: ഓരോ സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് പ്രത്യേക നമ്പറുകൾ നൽകുന്ന സംവിധാനം കെ.എസ്.ആർ.ടി.സി നടപ്പാക്കുന്നത് കണ്ണൂർ സർവകലാശാലയുടെ ആശയം ഏറ്റെടുത്ത്. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജില്ല ഭരണകൂടം, ഡി.ടി.പി.സി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിലെ മാനേജ്മെൻറ് പഠന വകുപ്പ് വിദ്യാർഥികൾ 2016ൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
യാത്രക്കാർക്ക് എളുപ്പത്തിൽ ബസ് കണ്ടെത്താൻ സഹായിക്കുന്നതിന് നമ്പറിന് പുറമെ ഓരോ മേഖലയിലേക്കുള്ള ബസുകൾക്ക് വ്യത്യസ്ത നിറങ്ങളും നൽകിയിട്ടുണ്ട്. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് ബസുകൾ നിരത്തിലിറങ്ങുക. പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം എളുപ്പത്തിൽ ഓർത്തെടുക്കാനാവും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, സർക്കാർ ഓഫിസുകൾ, സർക്കാർ ആശുപത്രികൾ എന്നിവക്ക് സംസ്ഥാനത്തുടനീളം ഒരേ നമ്പർ തന്നെയാണ് നൽകിയിരിക്കുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, പ്രായമായവർ എന്നിവർക്ക് സഹായകരമായ രീതിയിലാണ് റൂട്ട് നമ്പറിങ് സിസ്റ്റം നടപ്പാക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിലാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി പൊതുജനങ്ങളിൽ നിന്നുള്ള സ്വീകാര്യത പരിശോധിച്ച് സംസ്ഥാനത്ത് മുഴുവനായും നടപ്പിലാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ഏതൊരാൾക്കും കേരളത്തിലെ ബസുകളിലും അനായാസം യാത്ര ചെയ്യാമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.