കോർപറേഷൻ സത്യപ്രതിജ്ഞ: ജനം തടിച്ചുകൂടി; കാറിൽനിന്നിറങ്ങാതെ ജില്ല കലക്ടർ
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം ലംഘിച്ച് കണ്ണൂർ കോർപറേഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ജനം തടിച്ചുകൂടി. ഇതേതുടർന്ന് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ജില്ല വരണാധികാരികൂടിയായ ജില്ല കലക്ടർ കാറിൽനിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ മൈക്കിലൂടെ അനൗൺസ്മെൻറ് നടത്തി ബന്ധപ്പെട്ടവർ കുറേപേരെ മാറ്റിയശേഷം മാത്രമാണ് കലക്ടർ ടി.വി. സുഭാഷ് കാറിൽനിന്ന് പുറത്തിറങ്ങിയത്.
കോർപറേഷെൻറ മുറ്റത്തായിരുന്നു പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് വേദിയൊരുക്കിയത്. ഇതിനായി പ്രത്യേകം സ്റ്റേജ് തയാറാക്കിയിരുന്നു. ഇവിടേക്കാണ് ഒരു നിയന്ത്രണവുമില്ലാതെ നേതാക്കൾക്കു പുറമെ അണികളും ഒഴുകിയെത്തിയത്. പൊലീസിനും ജീവനക്കാർക്കും ഇവരെ നിയന്ത്രിക്കാനായില്ല. ഇതോടെ സാമൂഹിക അകലം പാലിക്കണമെന്നും 100 പേർ മാത്രമേ ചടങ്ങിൽ പെങ്കടുക്കാവൂവെന്നുമുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശമാണ് കാറ്റിൽ പറന്നത്.
ജില്ല പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ ശേഷമായിരുന്നു ജില്ല കലക്ടർ ടി.വി. സുഭാഷ് കോർപറേഷനിൽ എത്തിയത്. അപ്പോഴേക്കും കോർപറേഷനിലെ വേദി പൂർണമായും ജനങ്ങൾ കൈയടക്കിയിരുന്നു. ഇതാണ് കലക്ടറെ പ്രകോപിപ്പിച്ചത്. കാറിൽനിന്ന് പുറത്തിറങ്ങാതെ ജനങ്ങളെ മാറ്റാൻ അദ്ദേഹം നിർദേശം നൽകി. ഒടുവിൽ മൈക്കിലൂടെ ഉദ്യോഗസ്ഥർ പലവട്ടം അനൗൺസ് ചെയ്തിട്ടും ഫലമുണ്ടായില്ല. ജനക്കൂട്ടത്തിനിടയിലൂടെ ഒരുവിധം വഴിയൊരുക്കിയാണ് ജില്ല കലക്ടറുടെ കാർ വേദിക്കരികിലേക്ക് എത്തിച്ചത്. കോർപറേഷനിൽ കൊക്കേൻപാറ ഡിവിഷനിൽനിന്ന് ജയിച്ച മുതിർന്ന സി.പി.എം അംഗം എ. കുഞ്ഞമ്പുവിന് ജില്ല കലക്ടർ ടി.വി. സുഭാഷ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ഏതാനും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ വേദിയിൽ ഇരുന്ന കലക്ടർ ചടങ്ങ് പൂർത്തിയാകുംമുമ്പ് വേദിവിട്ടിറങ്ങി പോകുകയും ചെയ്തു. കമീഷെൻറ നിർദേശം ലംഘിച്ച് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ജനങ്ങളെ കടത്തിവിട്ട സംഭവം തിങ്കളാഴ്ച ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റി ചർച്ചചെയ്തു. സംഭവത്തിൽ സെക്രട്ടറിയോടും സുരക്ഷ ചുമതലയുള്ളവരോടും വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.