ശമ്പളമില്ലാതെ തൊഴിലാളികൾ; വൃദ്ധസദനം പൂട്ടൽ ഭീഷണിയിൽ
text_fieldsഅഴീക്കോട്: സാമൂഹിക നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ അഴീക്കോട് ചാലിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനത്തിലെ ജീവനക്കാർക്ക് ഒരു വർഷക്കാലമായി ശമ്പളമില്ല. ശമ്പളമില്ലാതെ ജോലിയിൽ തുടരാൻ സാധിക്കാത്തതിനാൽ അഞ്ചോളം പേർ ജോലി ഉപേക്ഷിച്ചു. ശമ്പളം കിട്ടാതെ അവശേഷിക്കുന്നവരും കൂടി ഒഴിഞ്ഞുപോവുകയാണെങ്കിൽ വൃദ്ധസദനം അടച്ചുപൂട്ടേണ്ട അവസ്ഥയിലാകും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുമടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റിയാണ് ഇവിടത്തെ ദൈനം ദിന കാര്യങ്ങൾ പരിപാലിച്ചുവരുന്നത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ ചെയർമാനും വൃദ്ധസദനം സൂപ്രണ്ട് കൺവീനറുമാണ്. 60 വയസ്സിനു മുകളിലുള്ളവരുടെ ക്ഷേമവും സംരക്ഷണവും ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1995 മുതൽ കണ്ണർ ചാൽബീച്ചിനു സമീപം സർക്കാർ വൃദ്ധ സദനം തുടങ്ങിയത്. കഴിഞ്ഞ 2022-23 സാമ്പത്തികവർഷം വരെ വൃദ്ധസദനത്തിന്റെ പ്രവർത്തനം പ്രത്യേക പദ്ധതിയിൽപ്പെടുത്തി ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന കമ്പനിയെ സർക്കാർ ചുമതലപ്പെടുത്തിയതായിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ ഏപ്രിൽ മാസത്തോടെ അവസാനിച്ചു. കമ്പനി ഒഴിഞ്ഞുപോവുകയും ചെയ്തു.
ആ അവസരത്തിൽ അവിടെ ജോലി ചെയ്ത് പരിചയ സമ്പന്നരായ ഒമ്പതോളം ജീവനക്കാരെ നിലനിർത്താൻ സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഇവർക്ക് മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളം കിട്ടാത്ത അവസ്ഥയായി. അങ്ങനെ അഞ്ചു പേർ ജോലി ഉപേക്ഷിച്ചു. അവശേഷിക്കുന്നവർ ഇവിടത്തെ അഗതികളുടെ പരിചരണം യഥാവിധി മുന്നോട്ടുകൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്. നിലവിലുള്ള 70 ഓളം അഗതികളുടെ സുഖകരമായ പരിചരണത്തിന് തടസ്സംനേരിടുകയാണ്.
ഒരു നഴ്സിന്റെ മാത്രം പരിചരണമാണിപ്പോൾ ഇവിടെ ലഭിക്കുന്നത്. അവർ അവധിയിൽ പോയാൽ അഗതികളുടെ അവസ്ഥ ഗുരുതരമാകും. സോഷ്യൽ വർക്കർ, ലാബ് ടെക്നീഷ്യൻ, ഫിസിയോ തെറപ്പിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നീ വിഭാഗത്തിൽപ്പെട്ടവരാണ് രാജിവെച്ചത്. നിലവിൽ ഒരു സ്റ്റാഫ് നഴ്സും മൂന്ന് ശുചീകരണ തൊഴിലാളികളുമാണ് ഇവിടെയുള്ളത്. ശമ്പളം എന്നു നൽകാൻ സാധിക്കുമെന്നതിൽ സർക്കാറിൽ നിന്ന് ഇതു വരെ ഒരു തീരുമാനവും വന്നിട്ടില്ലെന്നാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ നിന്നുള്ള വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.