ഒമിക്രോൺ ഭീതി: വാക്സിനേഷന് തിക്കുംതിരക്കും
text_fieldsകണ്ണൂർ: പുതിയ കോവിഡ് വകഭേദം ഒമിക്രോൺ ഭീതി ഉയർന്നതോടെ കോവിഡ് വാക്സിനേഷനായി തിക്കുംതിരക്കും. കോവിഡ് കണക്കുകൾ കുറഞ്ഞതോടെയും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിനാലും മെല്ലെപ്പോക്കിലായിരുന്നു വാക്സിനേഷൻ. രണ്ടാം ഡോസ് എടുക്കേണ്ടവർ അടക്കം വിമുഖത കാണിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
കഴിഞ്ഞദിവസങ്ങളിൽ ജില്ലയിൽ 500 മുതൽ 1000 വരെ പേർ മാത്രമാണ് വാക്സിനെടുക്കാൻ എത്തിയത്. എന്നാൽ, ലോകത്ത് പലയിടങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തതോടെ വാക്സിനെടുക്കാൻ തിരക്കേറി. ശനിയാഴ്ച 50,000 പേരാണ് വാക്സിനെടുക്കാനെത്തിയത്. ഇതിൽ 44,000ത്തിലധികവും രണ്ടാമത്തെ ഡോസാണ്. 109 സെൻററുകളിലാണ് കുത്തിവെപ്പ് സംഘടിപ്പിച്ചത്. പുതിയ കോവിഡ് വകഭേദം വ്യാപകമായാൽ വാക്സിൻ ലഭ്യതക്കുറവുണ്ടാകുമെന്ന ആശങ്കയിലും പ്രതിരോധശേഷി വർധിപ്പിക്കണമെന്ന ചിന്തയിലുമാണ് ആളുകൾ കൂട്ടമായി വാക്സിനെടുക്കാനെത്തിയത്. ഒരു ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് തിയറ്ററിലടക്കം പ്രവേശനം അനുവദിച്ചതോടെയാണ് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് വിമുഖതയുണ്ടായത്.
ഇളവുകൾക്ക് ശേഷം തൊഴിൽമേഖലകൾ സജീവമായതോടെ ജോലിയവധിയെടുത്ത് കുത്തിവെപ്പെടുക്കാനെത്താൻ ആളുകൾ മടികാണിച്ചിരുന്നു.
കോവിഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ചശേഷം 84 ദിവസം പൂർത്തിയായാൽ രണ്ടാം ഡോസ് എടുക്കാം. എന്നാൽ, വാക്സിൻ ലഭ്യമായിട്ടും 100 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർ ഏറെയായിരുന്നു. ഇതേതുടർന്ന് കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിനേഷെൻറ രണ്ടാം ഡോസിനോട് വിമുഖത കാട്ടരുതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചിരുന്നു. ജില്ലയില്‍ വാക്സിനേഷന് അര്‍ഹതയുള്ളവരുടെ 99.7 ശതമാനവും ആദ്യഡോസ് വാക്സിന് സ്വീകരിച്ചുവെങ്കിലും 62.7 ശതമാനം മാത്രമാണ് രണ്ടാം ഡോസ് എടുത്തത്. നവംബർ 25വരെ 55,365 പേരാണ് രണ്ടാം ഡോസ് വാക്സിന് എടുക്കേണ്ട ഇടവേളയുടെ പരിധി കഴിഞ്ഞിട്ടും വാക്സിന് സ്വീകരിക്കാതെ മാറിനില്‍ക്കുന്നതെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. ചില ദിവസങ്ങളിൽ വാക്സിൻ ക്ഷാമവും അനുഭവപ്പെട്ടിരുന്നു. നിലവിൽ ജില്ലയിൽ വാക്സിൻ സ്റ്റോക്കില്ല.
ആറുലക്ഷം ഡോസിനായി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം രണ്ടാം ഡോസ് നൽകണമെങ്കിൽ ഇത്രയും വാക്സിൻ ആവശ്യമാണ്. വാക്സിനേഷനോട് കാണിക്കുന്ന വിമുഖത ജില്ലയിലെ കോവിഡ് വ്യാപന നിയന്ത്രണത്തില്‍ നേടിയിട്ടുള്ള നേട്ടം ഇല്ലാതാക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
പ്രതിരോധം തീർക്കാൻ ആൻറിബോഡി
വാക്സിനേഷനിലൂടെ കൊറോണ വൈറസിനെതിരെ ശരീരത്തില്‍ ആൻറിബോഡി സൃഷ്ടിച്ച് പ്രതിരോധം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ഒരു ഡോസ് വാക്സിന് സ്വീകരിച്ചവരില്‍ ആൻറിബോഡി ഉല്പാദനം പതിയെ തുടങ്ങി ഉയര്‍ന്ന പ്രതിരോധശേഷിയിലേക്ക് ശരീരം എത്തും.
തുടര്‍ന്ന് ശരീരത്തിലെ ആൻറിബോഡി ലെവല്‍ താഴ്ന്നുവരുകയും ചെയ്യും. ഇങ്ങനെ താഴ്ന്നുവരുന്ന സമയമാണ് രണ്ടാം ഡോസ് വാക്സിന് നല്‍കേണ്ട സമയമായി ശാസ്ത്രീയമായി കാണുന്നത്. ഇത്തരത്തില്‍ കൃത്യമായി വാക്സിന് സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആൻറിബോഡി നില ഉയരുകയും അത് ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും. രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് ശരീരത്തിലെ പ്രതിരോധശേഷി കുറയുകയും രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.