പൊലീസ് മൈതാനത്ത് ഓണംമേള മാലിന്യം; സംഘാടകർക്ക് കാൽലക്ഷം പിഴ
text_fieldsകണ്ണൂർ: എക്സിബിഷൻ സ്റ്റാളുകളിൽനിന്നുള്ള മാലിന്യങ്ങൾ കണ്ണൂർ പൊലീസ് മൈതാനത്തിൽ കൂട്ടിയിട്ടതിന് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് തദ്ദേശഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽലക്ഷം രൂപ പിഴ ചുമത്തി. സ്നോ ലാൻഡ് ഓണം എക്സ്പോ പ്രദർശനം സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെതിരെയാണ് നടപടി.
പ്രദർശനം അവസാനിപ്പിച്ച് മൈസൂരുവിലേക്ക് സാധനങ്ങൾ കടത്തിക്കൊണ്ടു പോകാനുള്ള ഒരുക്കത്തിനിടയാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനക്കെത്തിയത്. പൊലീസ് മൈതാനത്തിന്റെ മൂലയിൽ വലിയ അളവിൽ ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, കരിമ്പിൻചണ്ടി, ബോട്ടിലുകൾ, ഒറ്റത്തവണ ഉപയോഗ ഗ്ലാസുകൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ വലിയ കൂനയായി കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. തൊട്ടടുത്ത് തൊഴിലാളികൾക്ക് താമസിക്കാൻ ഒരുക്കിയ താൽക്കാലിക സംവിധാനത്തിൽനിന്ന് മലിനജലം ഒഴുക്കിവിട്ടതായും സമീപത്ത് വേസ്റ്റ് ബിന്നിൽ ജൈവ അജൈവമാലിന്യങ്ങൾ കൂട്ടിക്കലർത്തിയിട്ടതായും കണ്ടെത്തി. മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ട് കുഴിച്ചുമൂടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഹരിതകർമസേന അംഗങ്ങൾ സ്ഥലത്തെത്തി കൂട്ടിയിട്ട മാലിന്യം പരിശോധിച്ചു. മാലിന്യം ഉടൻതന്നെ വേർതിരിച്ച് വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറുന്നതിനും വിവരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിനെ അറിയിക്കുന്നതിനും എൻഫോഴ്സ്മെൻറ് സ്ക്വാഡ് നിർദേശിച്ചു.
മലിനജലം ഒഴുക്കിവിടൽ, നിരോധിത വസ്തുക്കളുടെ ഉപയോഗം, മാലിന്യം തരംതിരിക്കാതെ കൂട്ടിയിടൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് 25000 രൂപ ചുമത്തി നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപറേഷന് സ്ക്വാഡ് നിർദേശം നൽകി.
തിരുവനന്തപുരം ആസ്ഥാനമായുള്ള എ ടു സെഡ് ഇവന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ഗ്രൂപ്പാണ് പിഴ അടക്കേണ്ടത്. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷെരീകുൽ അൻസാർ, അലൻ ബേബി, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രേഷ്മ രമേശൻ, ഹരിതകർമ സേനാംഗങ്ങളായ കെ.വി. റീന, എസ്.വി. സുജിന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.