ഓണത്തിരക്ക്: നഗരത്തിൽ പാർക്കിങ് സംവിധാനം കുത്തഴിഞ്ഞു
text_fieldsതലശ്ശേരി: ഓണത്തിരക്കിൽ വീർപ്പുമുട്ടി നഗരം. ജനത്തിരക്ക് കാരണം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തിൽ തലങ്ങും വിലങ്ങുമായി വാഹനങ്ങൾ നിർത്തിയിട്ടതിനാൽ ട്രാഫിക് പൊലീസിനും പിടിപ്പത് പണിയായി. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് തെരുവുകച്ചവടക്കാർക്ക് നഗരസഭ പതിവിലും കൂടുതൽ സ്ഥലമനുവദിച്ചതും ഗതാഗതക്കുരുക്കിനിടയാക്കി.
ഓണത്തിരക്ക് നിയന്ത്രിക്കാൻ നഗരത്തിൽ പ്രത്യേകം പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയതായി നേരേത്ത നഗരസഭയുടെ അറിയിപ്പുണ്ടായിരുന്നെങ്കിലും ഓണമടുത്തതോടെ എല്ലാം അസ്ഥാനത്തായി. പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ തലങ്ങും വിലങ്ങുമായി നിർത്തിയിട്ട കാഴ്ചയാണ് ചൊവ്വാഴ്ച കാണാനായത്. നിയന്ത്രണങ്ങൾ പൂർണമായി ലംഘിക്കപ്പെട്ടതോടെ പൊലീസുകാരും കാഴ്ചക്കാരായി. വാഹനങ്ങൾ എവിടെയെങ്കിലും നിർത്തിയിട്ട് ഉടമ തിരിച്ചെത്തുമ്പോഴേക്കും നഗരം പൂർണമായും ഗതാഗതക്കുരുക്കിലാകുന്ന അവസ്ഥയാണ്. നാരങ്ങാപ്പുറം റോഡ്, എ.വി.കെ. നായർ റോഡ്, കീഴന്തിമുക്ക്, മഞ്ഞോടി, ചിറക്കര, ടൗൺഹാൾ കവല, സംഗമം കവല എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.