അമേരിക്കയിൽ മലയാളി പെൺകുട്ടിക്ക് ഒരുകോടിയുടെ സ്കോളർഷിപ്
text_fieldsകണ്ണൂർ: അമേരിക്കയിലെ അരിസോണയിൽ മലയാളി പെൺകുട്ടിക്ക് അപൂർവ നേട്ടം. ഒരു കോടി രൂപയുടെ സ്കോളർഷിപ്പാണ് ഈ മിടുക്കി നേടിയത്. അരിസോണ സംസ്ഥാനത്തെ ബേസ് സ്കൂൾ ഓഫ് ഫീനിക്സിൽ 12ാം ക്ലാസ് വിദ്യാർഥിയായ സുരഭി സജിത്താണ് ഉയര്‍ന്ന നേട്ടം കൈവരിച്ചത്.
1,20,000 അമേരിക്കൻ ഡോളറാണ് സ്കോളർഷിപ്പായി ലഭിച്ചത്. (93 ലക്ഷം ഇന്ത്യൻ രൂപ). അരിസോണയിലെ ഫ്ലിൻ ഫൗണ്ടേഷെൻറ 2021ലെ അക്കാദമിക് എക്സലൻസാണ് അവാർഡ് നൽകിയത്. വിദ്യാർഥികളുടെ പഠനമികവും സാമൂഹിക പ്രവർത്തനത്തിനുള്ള പ്രാവീണ്യവുമാണ് അവാർഡിനു പരിഗണിച്ചത്. അടുത്ത നാലുവർഷത്തെ കോളജ് പഠനം പൂർണമായി ഫ്ലിൻ ഫൗണ്ടേഷൻ ഏറ്റെടുക്കും. ഇതോടൊപ്പം വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള മുഴുവൻ ചെലവുകളും ഫ്ലിൻ ജേതാക്കൾക്ക് ലഭിക്കും. മലയാളികൾക്ക് അപൂർവമായാണ് ഇത്തരം നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം പഠനകാലത്ത് സന്നദ്ധപ്രവർത്തനങ്ങളിലൂടെ സുരഭി സമാഹരിച്ച 3,000 ഡോളർ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. സോഷ്യൽ സർവിസ്, നർത്തകി, പ്രസംഗം എന്നീ മേഖലയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഏറെക്കാലമായി അമേരിക്കയിൽ ജോലി ചെയ്യുന്ന നീലേശ്വരം പടിഞ്ഞാറ്റം കൊവ്വൽ ദേവിശ്രീയിലെ സജിത്ത് തൈവളപ്പിെൻറയും നിർമലയുടെയും മകളാണ് സുരഭി. സഹോദരി ശ്രുതി ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. നീലേശ്വരത്തെ ശിവൻ നായരുടെയും സരസ്വതി ടീച്ചറുടെയും ചെറുമകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.