ഓൺലൈനിൽ ആകെ മൊത്തം തട്ടിപ്പ്!
text_fieldsസൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടാം. www.cybercrime.gov.in വെബ്സൈറ്റ് സന്ദർശിച്ചും നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യാം.
കണ്ണൂർ: ബാങ്ക് അക്കൗണ്ടിനെകുറിച്ച് അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫിസർ ചമഞ്ഞും ഓൺലൈൻ ലോണുമായി ബന്ധപ്പെട്ടും ഒ.എൽ.എക്സ് വഴിയും സൈബർ തട്ടിപ്പ്. പൊലീസ് ഓഫിസർ എന്ന വ്യാജേന ബന്ധപ്പെട്ട് തലശ്ശേരി സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പുകാർ 1.29 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിക്കാരന്റെ ആധാറും ഫോൺ നമ്പറും ഉപയോഗിച്ച് മറ്റാരോ അനധികൃത ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും അത് തീവ്രവാദത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യത്തിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ചാർജ് എന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു.
ഇത്തരത്തിൽ പൊലീസ് ഓഫീസർ ചമഞ്ഞ് പണം തട്ടിയ പരാതി മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറിയർ കമ്പനിയിൽ നിന്നാണെന്നും നിങ്ങളുടെ പേരിൽ അയച്ച ഒരു പാഴ്സലിൽ പൊലീസ് മയക്കുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പൊലീസ് ഓഫിസർ ആണെന്ന വ്യാജേന ഒരാൾ വിഡിയോ കോൾ ചെയ്ത്, അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്നറിയാൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വേറിൽ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും പറയും. തുടർന്ന് അവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടും. പണമയച്ചവരാണ് തട്ടിപ്പിനിരയായത്.
ഓൺലൈൻ ലോൺ കെണി
വ്യാജ വെബ്സൈറ്റ് വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിയായ യുവാവിന് 1.7 ലക്ഷം രൂപ നഷ്ടപ്പെട്ടു. ലോൺ നൽകണമെങ്കിൽ പ്രോസസിങ് ഫീസ് നൽകണം എന്നുപറഞ്ഞ് തട്ടിപ്പുകാർ പണം കൈക്കലാക്കുകയായിരുന്നു. ശേഷം ലോൺ ലഭിക്കാതെ യുവാവ് വഞ്ചിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ട് ഇത്തരം അംഗീകാരമില്ലാത്ത ആപ്പും വെബ്സൈറ്റും വഴി ലോൺ എടുക്കരുതെന്ന് സൈബർ പൊലീസ് പറഞ്ഞു.
മറ്റൊരു പരാതിയിൽ കണ്ണപുരം സ്വദേശിനിക്കും സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായി. എസ്.ബി.ഐയുടെ യോനോ റിവാർഡ് പോയന്റ് റെഡീം ചെയ്യുന്നതിനെന്ന വ്യാജേന ഫോണിൽ സന്ദേശം ലഭിച്ചു. പിന്നീട് ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയപ്പോൾ യുവതിയുടെ അക്കൗണ്ടിൽ നിന്നും 21,989 രൂപ നഷ്ടപ്പെടുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് വ്യാജ ലോൺ ആപ്പുകളുടെയും വെബ് സൈറ്റുകളുടെയും പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.
ലിങ്ക് തുറന്നാൽ തീർന്നു
ഒ.എൽ.എക്സ്, ഇൻസ്റ്റഗ്രാം എന്നിവ വഴി പങ്കുവെക്കുന്ന വ്യാജ വെബ്സൈറ്റിലും ലിങ്കിലും കയറുന്നവർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ. കണ്ണൂർ ചാലാട് സ്വദേശിനി തന്റെ വീട് വാടകക്ക് നൽകുന്നതിനായി ഒ.എൽ.എക്സിൽ പരസ്യം ചെയ്തതിൽ താല്പര്യം അറിയിച്ചു വിളിച്ച തട്ടിപ്പുകാരൻ യുവതിക്ക് ഗൂഗിൾ പേ വഴി അഡ്വാൻസ് പണം നൽകുന്നതിനായി ഒരു ലിങ്ക് നൽകി. അതിൽ ക്ലിക്ക് ചെയ്ത് യു.പി.ഐ പിൻ നൽകിയതോടെ 48,000 രൂപ നഷ്ടപ്പെട്ടു.
മറ്റൊരു പരാതിയിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ പരസ്യം കണ്ടതിൽ മൊബൈൽ ഫോൺ വാങ്ങുന്നതിന് പണം നൽകിയ എടക്കാട് സ്വദേശിക്ക് 10,418 രൂപയാണ് നഷ്ടമായത്. ആവശ്യപ്പെട്ട തുക ലഭിച്ചതിന് ശേഷം ഓർഡർ ചെയ്ത മൊബൈൽ ഫോൺ ലഭിക്കുന്നതിനായി കൂടുതൽ പണം ആവശ്യപ്പെട്ടു. തുടർന്ന് മൊബൈൽ ഫോൺ നൽകാതെ കബളിപ്പിക്കപ്പെടുകയായിരുന്നു.
നൽകണം, ആദ്യ മണിക്കൂറിൽ തന്നെ പരാതി
ഓൺലൈൻ തട്ടിപ്പിനിരയായാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രദ്ധിക്കണം. സമൂഹമാധ്യമങ്ങഴിലെ പരസ്യംകണ്ട് അജ്ഞാതർ അയച്ചുതരുന്ന ലിങ്കിൽ പ്രവേശിച്ച് യു.പി.ഐ പിൻ നമ്പറോ മറ്റ് വിവരങ്ങളോ നൽകരുത്. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം കൈമാറരുത്.
ഈ കോമേഴ്സ് വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പണം കൈമാറുവാൻ ശ്രദ്ധിക്കുക. ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ് എന്നിങ്ങനെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്തണം. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടാം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.