ഓണ്‍ലൈന്‍ പഠനം: അഞ്ചിടങ്ങളില്‍ പുതിയ ടവറുകൾക്ക് ഗ്രീൻ സിഗ്നൽ
text_fieldsകണ്ണൂർ: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇൻറര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അടിയന്തരമായി പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നു. ജില്ല കലക്ടര്‍ ടി.വി. സുഭാഷിെൻറ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മൊബൈല്‍-ഇൻറര്‍നെറ്റ് സേവന ദാതാക്കളുടെയും ടവര്‍ മാനേജ്മെൻറ് കമ്പനികളുടെയും യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. ഓണ്‍ലൈന്‍ പഠന കാര്യത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ അദാലത്തില്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ ഇൻറര്‍നെറ്റ് ലഭ്യത ഇല്ലാത്ത കാര്യം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനായി മൊബൈല്‍ കമ്പനി പ്രതിനിധികളുടെയും ടവര്‍ നിര്‍മാതാക്കളുടെയും യോഗം ചേര്‍ന്നത്.
കണ്ണൂര്‍ കോര്‍പറേഷനിലെ ചേലോറ, കതിരൂര്‍ പഞ്ചായത്തിലെ നാലാം മൈല്‍, പാനൂര്‍, കണ്ണപുരം, മുഴപ്പിലങ്ങാട് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ ടവറുകള്‍ സ്ഥാപിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ എത്രയും വേഗം ടവര്‍ നിര്‍മാണം ആരംഭിക്കാന്‍ ടവര്‍ വിഷന്‍, റിലയന്‍സ് എന്നിവക്ക് നിർദേശം നല്കി. ആറളം, പേരാവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നെറ്റ്വര്‍ക്ക് പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബി.എസ്.എൻ.എല്ലിനെ കലക്ടര്‍ ചുമതലപ്പെടുത്തി. മറ്റിടങ്ങളിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിനുള്ള നപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ടവര്‍ നിര്‍മാണത്തിനുള്ള അനുമതിക്കായി തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം തീരുമാനമെടുക്കുകയും അതുവഴി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം എളുപ്പമാക്കാന്‍ വഴിയൊരുക്കുകയും വേണം. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാവമെന്നും കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.