ഓൺലൈൻ പഠനം; മൊബൈലിൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥി കൊമ്പ് പൊട്ടി താഴെവീണു, ഗുരുതര പരിക്ക്
text_fieldsകൂത്തുപറമ്പ്: ഓൺലൈൻ പഠനത്തിന് മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് മരക്കൊമ്പ് പൊട്ടി താഴെവീണ് ഗുരുതരപരിക്ക്. ചിറ്റാരിപറമ്പിനടുത്ത് കണ്ണവം വനമേഖലയിൽ ഉൾപ്പെടുന്ന പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു -ഉഷ ദമ്പതികളുടെ മകനായ അനന്തു ബാബുവിനാണ് ഗുരുതര പരിക്കേറ്റത്.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപതിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചക്ക് 12:30 ഒാടെയാണ് സംഭവം. തലയ്ക്കും കാലിനും മുതുകിലും പരുക്കേറ്റ അനന്തു ബാബുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വനമേഖലയിൽ ഉൾപ്പെടുന്ന പന്നിയോട് ഭാഗത്ത് മൊബൈൽ റേഞ്ച് പരിമിതമായ തോതിലെ ലഭിക്കാറുള്ളു. ഇതിനെ തുടർന്ന് റേഞ്ച് ലഭിക്കാനായി വിദ്യാർത്ഥികൾ മരത്തെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. ഇത് സംബന്ധിച്ച് അടുത്തകാലത്തായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ വിവരങ്ങൾ ശേഖരിക്കുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
അനന്ത് ബാബുവും അടുത്ത കാലം വരെയും മരത്തിൽക്കയറിയാണ് ഓൺലൈനിൽ പഠിച്ചു കൊണ്ടിരുന്നത്. പ്ലസ് വൺ അലോട്ട്മെൻ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാണ് ഇന്നലെ മരത്തിൽ കയറിയിരുന്നത്. തുടർ പഠനത്തിനുള്ള വിദ്യാർത്ഥിയുടെ ശ്രമമാണ് അപകടത്തിലെത്തിച്ചത്. വിദ്യാർത്ഥി അപകടത്തിൽപ്പെട്ടതോടെ ആശങ്കയിലായിരിക്കയാണ് പ്രദേശത്തെ രക്ഷിതാക്കളും കുട്ടികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.