കല്ലെറിഞ്ഞവർക്ക് മാപ്പ്, കല്യാണം കൂടാനും എത്തി
text_fieldsകണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് കല്ലെറിഞ്ഞത്. ചോര വാർന്നൊലിക്കുന്ന ആ രംഗം മനസ്സിൽനിന്ന് മായില്ല. ഉമ്മൻ ചാണ്ടിക്കു പകരം മറ്റാരെങ്കിലുമാണ് ആ സ്ഥാനത്ത് എങ്കിൽ കേരളം എന്തായേനെ ? ഈവക ചിന്തകളെല്ലാം തലയിൽ പേറിയാണ് കല്ലേറ് കേസിലെ പ്രതിയായിരിക്കെ സി.ഒ.ടി. നസീർ ഉമ്മൻ ചാണ്ടിയെ കാണാൻ പോയത്. തലശ്ശേരി റസ്റ്റ്ഹൗസിലെത്തുമ്പോൾ ഹൃദയമിടിപ്പേറി. അദ്ദേഹം എന്ത് ചോദിക്കും, എന്ത് മറുപടി പറയും തുടങ്ങിയ ചിന്തകളായിരുന്നു മനസ്സുനിറയെ.
കൺമുന്നിലിതാ ഉമ്മൻ ചാണ്ടി. കല്ലേറ് സംഭവത്തോടെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സി.ഒ.ടി. നസീർ അദ്ദേഹത്തോട് പറഞ്ഞു. കൈകൾ പിടിച്ച്, ചേർത്ത് നിർത്തി പതിവ് സ്റ്റൈലിൽ ഉമ്മൻ ചാണ്ടി പറഞ്ഞു: ‘പൊതുപ്രവർത്തനത്തിൽ ഇങ്ങനെ പലതുമുണ്ടാകും, അതിന്റെ പേരിൽ ഒന്നും അവസാനിപ്പിക്കരുത്’’ -ശ്വാസം നേരെ വീണ നിമിഷമായിരുന്നു അതെന്ന് സി.ഒ.ടി. നസീർ ഓർക്കുന്നു.
ഉമ്മൻ ചാണ്ടിയോട് മാപ്പുപറഞ്ഞിട്ട് പോയാൽ മതിയെന്നായി അവിടെ കൂടിനിന്നവർ. ഒരു മാപ്പും പറയേണ്ട എന്ന് ഉമ്മൻ ചാണ്ടിയും. വിശേഷങ്ങളെല്ലാം ചോദിച്ച് പുതുപ്പള്ളിയിലെ വീട്ടിലേക്കു ക്ഷണിക്കാനും അദ്ദേഹം മറന്നില്ല. വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. സി.ഒ.ടി. നസീറിന്റെ സഹോദരന്റെ വിവാഹദിവസം ഉമ്മൻ ചാണ്ടി തലശ്ശേരിയിലെത്തി. വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചശേഷം വെട്ടുംകുത്തുമേറ്റ സംഭവത്തിനുശേഷം ഉമ്മൻ ചാണ്ടി വിളിച്ചു. ആശുപത്രിച്ചെലവ് എത്രയെന്നും എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചു.
അസുഖം മൂർച്ഛിച്ച വേളയിൽ മൂന്നുതവണ ഇദ്ദേഹം ഉമ്മൻ ചാണ്ടിയെ കാണാൻ ബംഗളൂരുവിലെത്തി. ഒരു തവണ ദൂരെ നിന്ന് കണ്ടു. സി.പി.എം തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റിയംഗവും നഗരസഭ കൗൺസിലറുമായിരുന്നു സി.ഒ.ടി. നസീർ. ഇദ്ദേഹം ഉൾപ്പടെ മൂന്നുപേരെയാണ് കല്ലെറിഞ്ഞ കേസിൽ കോടതി ശിക്ഷിച്ചത്.
കല്ലേറ് സംഭവത്തിൽ എല്ലാവരെയും ഞെട്ടിച്ചാണ് ഉമ്മൻ ചാണ്ടിയുടെ ഓരോ നീക്കവും. ഹർത്താലിന് ആഹ്വാനം ചെയ്ത യു.ഡി.എഫ് നേതാക്കളെ ആദ്യം പിന്തിരിപ്പിച്ചു. വിചാരണവേളയിൽ ‘പ്രതികളെ തിരിച്ചറിയാൻ കഴിയില്ലെന്ന്’ പറഞ്ഞത് പ്രതികളെപ്പോലും ആശ്ചര്യപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.