ആരോഗ്യവും സൗന്ദര്യവും കായികക്ഷമതയും നിലനിർത്താം; പെരിങ്ങത്തൂരിൽ ഓപൺ ജിംനേഷ്യം ഒരുങ്ങി
text_fieldsപെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ ആദ്യത്തെ ഓപൺ ജിംനേഷ്യം പെരിങ്ങത്തൂരിൽ നിർമാണം പൂർത്തിയായി. നഗരസഭയിലെ വാർഡ് 18ൽ പെരിങ്ങത്തൂർ ടൗണിനോട് ചേർന്ന് മയ്യഴിപുഴയോരത്ത് ബോട്ട് ജെട്ടിക്കരികിലായാണ് നിർമാണം പൂർത്തിയായത്. അഞ്ച് ലക്ഷം രൂപ നഗരസഭ ഇതിനായി നീക്കിവെച്ചിരുന്നു. ഇതിനോടൊപ്പം കൂടുതൽ തുകയും കണ്ടെത്തിയാണ് ജിംനേഷ്യം പൂർണരൂപത്തിൽ സജ്ജമായത്. ഇതിന്റെ രൂപകൽപന നേരത്തെ തയാറാക്കിയിരുന്നു. ആരോഗ്യവും സൗന്ദര്യവും കായികക്ഷമതയും നിലനിർത്താൻ പ്രായഭേദമന്യേ, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ജിംനേഷ്യം സൗജന്യമായി ഉപയോഗിക്കാനാവും. ഡംബെൽ, ബാർബെൽ, നടക്കുവാനും ഓടുവാനുമുള്ള ഉപകരണങ്ങൾ, വ്യായാമ യന്ത്രങ്ങൾ എന്നിവ തുടക്കത്തിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
സ്ഥലപരിമിതി കാരണം വിശാലമായ സംവിധാനങ്ങൾ തൽക്കാലം ഉണ്ടാവില്ല. കൂടുതൽ സ്ഥലം ലഭ്യമാവുന്നമുറക്ക് ജിംനേഷ്യം വിപുലീകരിക്കും. പാനൂർ നഗരസഭയിൽ സ്വകാര്യ സംരംഭകരുടെ ജിമ്മുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിശ്ചിത ഫീസ് നൽകേണ്ടിവരുന്നതിനാൽ എല്ലാവർക്കും ഉപയോഗിക്കൽ പ്രായോഗികമല്ല. അതിനാൽ, നഗരസഭ ഒരുക്കുന്ന ഈ സൗജന്യ ജിംനേഷ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
പ്രകൃതിരമണീയമായ പുഴയോരത്ത് ഒരുക്കുന്ന ഈ ഫിറ്റ്നസ് സെന്ററിന് സമീപത്ത് തന്നെ രണ്ട് ബോട്ട് ജെട്ടികളുണ്ട്. മയ്യഴി പുഴ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പദ്ധതികൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഇവിടം സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാവും. ഇവിടേക്കുള്ള ഗതാഗതം സൗകര്യപ്രദമാകണമെങ്കിൽ ബോട്ട് ജെട്ടിയിലേക്കുള്ള റോഡ് ടാറിങ് കൂടി പൂർത്തിയാകേണ്ടതുണ്ട്. ഓപൺ ജിംനേഷ്യവും ബോട്ട് ജെട്ടിയുമെല്ലാം പെരിങ്ങത്തൂർ ടൗണിന്റെ മുഖച്ഛായ മാറ്റും. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്നതോടെ ജിംനേഷ്യം ഉദ്ഘാടനം ചെയ്യാനാണ് നഗരസഭാധികൃതർ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.