തുറക്കുന്നു... ഷീ ലോഡ്ജ്; മാസവാടകക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജിൽ ഒരുക്കുക
text_fieldsകണ്ണൂർ: ടൗണിലെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തേടെ കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ഷീ ലോഡ്ജ് തുറക്കാനൊരുങ്ങുന്നു. പ്രവൃത്തി പൂർത്തീകരിച്ച ലോഡ്ജ് രണ്ടാഴ്ച്ക്കകം തുറന്നുകൊടുക്കും.
നഗരത്തിലെ സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും മാസവാടകക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജിൽ ഒരുക്കുക.
കാൽടെക്സ് ഗാന്ധിസർക്കിളിനടുത്തുള്ള പെട്രോൾ പമ്പിന് പിറകുവശത്താണ് ലോഡ്ജ് കെട്ടിടം. നഗരത്തിൽ ജോലിക്കും പഠനത്തിനുമായെത്തുന്ന സ്ത്രീകൾക്ക് ഷീ ലോഡ്ജ് ഉപകാരപ്രദമാവും.
ഇതിനുപുറമെ രാത്രിയിൽ ടൗണിലെത്തുന്ന സ്ത്രീകൾക്കും താമസിക്കാനുള്ള സൗകര്യമുണ്ടാവും. നിലവിൽ കോർപറേഷന്റെ കീഴിൽ താവക്കരയിലും ഇതേനിരക്കിൽ വനിത ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. കോർപറേഷന്റെ 101 ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷനായി നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് ഷീ ലോഡ്ജ് സംവിധാനത്തിനായി ഒരുക്കുന്നത്. വനിതഘടകം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് 75 ലക്ഷമാണ് കോർപ്പറേഷൻ അനുവദിച്ചത്.
വിദ്യാർഥിനികൾക്ക് മാസവാടക 1500 രൂപ
ജോലിചെയ്യുന്ന മുതിർന്ന വനിതകൾക്ക് 3000 രൂപയും വിദ്യാർഥിനികൾക്ക് 1500 രൂപയുമാണ് മാസവാടക. ഡോർമെറ്ററി സംവിധാനത്തിലുള്ളതാണ് താമസ സൗകര്യം. ഇതിനുപുറമെ മെസ് സൗകര്യവും ലഭ്യമാകും. 35 ബെഡുകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പെട്ടെന്നുള്ള ആവശ്യത്തിന് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ഒറ്റ ദിവസം താമസിക്കാൻ കുറച്ച് ബെഡുകൾ നീക്കിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.