ആശ്വാസത്തിെൻറ പ്രാണവായു; തലശ്ശേരി ആശുപത്രിയിൽ ഓക്സിജന്‍ പ്ലാൻറ് പൂർണതോതിൽ പ്രവര്‍ത്തനം തുടങ്ങി
text_fieldsകണ്ണൂർ: കോവിഡ് തീവ്രവ്യാപനത്തിനൊപ്പം ഓക്സിജൻ പ്രതിസന്ധി കൂടി നേരിടുന്ന സാഹചര്യത്തിൽ ആശ്വാസമായി തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാൻറ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.
രോഗവ്യാപനം രൂക്ഷമായിരിക്കെ ഗുരുതര രോഗികളുടെ ചികിത്സക്ക് അനിവാര്യമായ ഓക്സിജെൻറ ലഭ്യത തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇനി ഒരു പ്രശ്നമാകില്ല. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിെൻറ ഒന്നാം തരംഗവേളയിലാണ് ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാൻറ് സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഐ.സി.യുവില്‍ മാത്രമായിരുന്നു ഓകസിജന്‍ നേരിട്ട് എത്തിച്ചിരുന്നത്.
എന്നാല്‍, കോവിഡ് വ്യാപനത്തിെൻറ രണ്ടാം തരംഗത്തില്‍ ഗുരുതര രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചുവന്നതോടെ പ്ലാൻറ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു. ആശുപത്രി വാര്‍ഡുകളിലെ എല്ലാ കിടക്കകളിലും ഓക്സിജന്‍ നേരിട്ട് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
നിലവില്‍ വാര്‍ഡിലെ 250 കിടക്കകള്‍ക്ക് നേരിട്ട് പൈപ്പുകള്‍ വഴി ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്. മിനിറ്റിൽ 200 ലിറ്റര്‍ ആണ് (എല്‍.പി.എം) ഓക്സിജന്‍ പ്ലാൻറിെൻറ ഉൽപാദനശേഷി. അന്തരീക്ഷത്തില്‍നിന്ന് ശേഖരിച്ച് സംസ്കരിച്ചശേഷം 98 ശതമാനം ശുദ്ധമായ ഓക്സിജനാണ് പ്ലാൻറില്‍നിന്ന് വിതരണം ചെയ്യുന്നത്. നിലവില്‍ മുപ്പതോളം കോവിഡ് രോഗികള്‍ക്ക് ഇവിടെ നിന്നും ഓക്സിജന്‍ നല്‍കിവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിലാണ് ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാൻറ് എന്ന ആശയം ഉയര്‍ന്നുവന്നത്. കോവിഡ് ചികിത്സക്കായി ഓക്സിജന്‍ ആവശ്യമായിവരുന്ന സാഹചര്യം മുന്നില്‍ കണ്ട് അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 40 ലക്ഷം രൂപയും ആശുപത്രി ഫണ്ടില്‍നിന്നുള്ള 17 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു പ്ലാൻറ് നിര്‍മാണം. ലോക്ഡൗണ്‍ സമയത്ത് പ്രത്യേക അനുമതിയോടെ ഗുജറാത്തില്‍ നിന്നുമാണ് പ്ലാൻറിനായി യന്ത്രങ്ങള്‍ എത്തിച്ചത്.
ജില്ലയില്‍ ഓക്സിജന്‍ പ്ലാൻറുള്ള ഏക ആശുപത്രികൂടിയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പുറത്തുനിന്ന് ഓക്സിജന്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അതിനിടെ, ജില്ല ആശുപത്രിയില്‍ 1000 എല്‍.പി.എം ശേഷിയുള്ള ഓക്സിജന്‍ പ്ലാൻറ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.