പി. സന്തോഷ് കുമാർ സി.പി.ഐയുടെ വേറിട്ട ശബ്ദം
text_fieldsകണ്ണൂർ: കലുഷിതമായ കണ്ണൂർ രാഷ്ട്രീയത്തിൽ സി.പി.ഐയുടെ വേറിട്ട ശബ്ദമാണ് അഡ്വ. പി. സന്തോഷ് കുമാർ. മുന്നണിയിലും പുറത്തും സൗമ്യമുഖമാണ്. എന്നാൽ, വേണ്ടപ്പോൾ സി.പി.എമ്മിനോട് പോലും കലഹിക്കാൻ മടിയുമില്ല.
രാജ്യത്ത് സി.പി.എമ്മിന് ഏറ്റവും ശക്തിയുള്ള ജില്ലയിൽ സി.പി.ഐയുടെ അവശേഷിക്കുന്ന തുരുത്തുകൾക്ക് കാവലാളയതിന്‍റെ അംഗീകാരംകൂടിയാണ് സന്തോഷ് കുമാറിന് പാർട്ടി നൽകുന്ന രാജ്യസഭാംഗത്വം. മുന്നണിയിൽ സി.പി.എമ്മിന്റെ വല്യേട്ടൻ നിലപാടിൽ വെളിയം ഭാർഗവന്‍റെയും സി.കെ. ചന്ദ്രപ്പന്‍റെയും ലൈനാണ് സന്തോഷ് കുമാറിന്. നന്നായി സഹകരിക്കുമ്പോഴും പറയേണ്ടത് തുറന്നുപറയും.
സ്വർണക്കടത്ത്-ക്വട്ടേഷൻ വിവാദനാളുകളിൽ പി. ജയരാജനെ ചോദ്യം ചെയ്ത് പാർട്ടി പത്രത്തിൽ സന്തോഷ് കുമാർ എഴുതിയ ലേഖനം ഏറെ ചർച്ചയായതാണ്. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നുമായിരുന്നു സന്തോഷ് കുമാറിന്‍റെ വിമർശനം. സി.പി.എം വിട്ടുപോന്നവരെ സ്വീകരിച്ചപ്പോൾ സി.പി.എം കോപിച്ചപ്പോഴും സന്തോഷ് കുമാർ വഴങ്ങിയില്ല. സി.പി.എം വിടുന്നവരെ ഫാഷിസ്റ്റ് കൂടാരത്തിലേക്ക് അയക്കുകയല്ല, കമ്യൂണിസ്റ്റ് ചേരിയിൽതന്നെ നിലനിർത്തുകയാണ് വേണ്ടെതെന്ന സന്തോഷ് കുമാറിന്‍റെ വിശദീകരണത്തിന് മുന്നിൽ സി.പി.എമ്മിനും മറുപടിയുണ്ടായില്ല.
പാർലമെന്‍ററി രംഗത്ത് സന്തോഷ്കുമാർ ഇതാദ്യമാണ്. 2011ൽ ഇരിക്കൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കും 2005ൽ കണ്ണൂർ ജില്ല പഞ്ചായത്തിലേക്കും മത്സരിച്ചുവെങ്കിലും വിജയംകണ്ടില്ല. യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ ചുവടുവെച്ചത്. എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായിരുന്നു. നിലവിൽ സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. ചിറ്റാരിപ്പറമ്പ് ഹൈസ്കൂൾ, ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ്, കണ്ണൂർ എസ്.എൻ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദമെടുത്ത സന്തോഷ് കുമാർ തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു.
സേലം ജയിൽ രക്തസാക്ഷി ഒ.പി. അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.കെ. അടിയോടിയുടെയും പൗത്രനാണ്. പഞ്ചായത്ത് എൻ.ജി.ഒ ഫെഡറേഷൻ നേതാവായിരുന്ന കെ.പി. പ്രഭാകരന്‍റെയും പി.വി. രാധയുടെയും മകനാണ്. കൊയ്യം ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം. ലളിതയാണ് ഭാര്യ. മക്കൾ: ഹൃദ്യ, ഋത്വിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.