മാലിന്യം നിറഞ്ഞ പടന്നത്തോട് ശുചീകരണം തുടങ്ങി
text_fieldsകണ്ണൂർ: മാലിന്യവും പായലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച പടന്നത്തോട് ശുചീകരണം തുടങ്ങി. കോർപറേഷന്റെ ജെ.സി.ബി ഉപയോഗിച്ച് വ്യാഴാഴ്ച മുതലാണ് വൃത്തിയാക്കൽ തുടങ്ങിയത്. മഞ്ചപ്പാലം മുതൽ പടന്നപ്പാലം വരെ ശുചീകരിക്കും. ഒരാഴ്ചക്കുള്ളിൽ ശുചീകരിച്ച് നീരൊഴുക്ക് പുനഃസ്ഥാപിക്കാനാവും.
പായലും മാലിന്യവും നിറഞ്ഞതിനാൽ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ വേനലിലും പടന്നത്തോട്ടിൽ അടിഞ്ഞ് കൂടിയ മാലിന്യവും പായലും കോർപറേഷൻ നേതൃത്വത്തിൽ നീക്കിയിരുന്നു. കഴിഞ്ഞ വർഷം ചളി കോരിയതിനാൽ ഇത്തവണ ആഴം കൂട്ടേണ്ടി വരില്ല. ടൗണിലെ വിവിധ ഭാഗങ്ങളിലും റെയിൽവേ പരിസരത്തുമുള്ള വെള്ളം പടന്നത്തോട്ടിലൂടെയാണ് ഒഴുകുന്നത്. ഇരട്ടക്കണ്ണൻ, ഒറ്റക്കണ്ണൻപാലങ്ങൾ വഴിയാണ് വെള്ളമെത്തുന്നത്. പായലും മാലിന്യവും നീക്കിയാൽ തോട്ടിലെ നീരൊഴുക്ക് വീണ്ടെടുക്കാനാവും.
കുളവാഴകളും പായലും ചളിയും നിറഞ്ഞ് ഒഴുക്ക് മുഴുവനായി നിലച്ചതിനാൽ തോട്ടിലെ വെള്ളം കറുത്തനിറമായിരുന്നു. അസഹനീയ ദുർഗന്ധവും വമിച്ചിരുന്നു. പ്ലാസ്റ്റിക് കുപ്പികളും അറവുമാലിന്യവും കുമിഞ്ഞ് കൂടിയ നിലയിലായതിനാൽ വെള്ളം കെട്ടിനിൽക്കുകയാണ്.
പടന്നത്തോട് മലിനമായതോടെ പരിസര പ്രദേശങ്ങളിലെ കിണറുകളിൽ മലിനജലം കയറുമെന്ന ഭീഷണി നിലനിന്നിരുന്നു. മുന്നൂറോളം കുടുംബങ്ങളാണ് പടന്നത്തോടിന്റെ കരയിൽ താമസിക്കുന്നത്. തോടിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സി.സി.ടി.വി കാമറകൾ അടക്കം സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണം. ജലാശയം മലിനമാക്കുന്നവർക്കെതിരെ കർശന നടപടിയും സ്വീകരിക്കണം. തോട്ടിൽ രാത്രിയിൽ മാലിന്യം തള്ളി കടന്നുകളയുന്ന സംഘങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.