പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രം നടത്തിപ്പിന് നൽകാനുള്ള നടപടിക്ക് സ്റ്റേ
text_fieldsശ്രീകണ്ഠപുരം: പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രം നടത്തിപ്പിനു നൽകാനുള്ള ഡി.ടി.പി.സി നടപടികൾക്ക് ഹൈകോടതി സ്റ്റേ. മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള നടുവിൽ-വെള്ളാട് ദേവസ്വം മുൻ ചെയർമാൻ ടി.എൻ. ബാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്ത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ദേവസ്വം ഭൂമി കൈയേറിയാണ് ടൂറിസം പ്രമോഷൻ കൗൺസിൽ നിർമാണപ്രവൃത്തികൾ നടത്തിയതെന്ന പരാതിയിൽ ഹൈകോടതിയിൽ 2015 മുതൽ കേസ് നിലനിൽക്കുന്നുണ്ട്.
ഇതിനിടയിൽ വിനോദസഞ്ചാര കേന്ദ്രം നടത്തിപ്പിന് നൽകാൻ കഴിഞ്ഞ എട്ടിന് ഡി.ടി.പി.സി ടെൻഡർ വിളിക്കുകയാണുണ്ടായത്. 25ാം തീയതിയാണ് ടെൻഡർ നൽകുന്നതിനുള്ള അവസാന ദിവസം. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ടൂറിസം ഡയറക്ടർ, ജില്ല കലക്ടർ, ഡി.ടി.പി.സി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് അഡ്വ. മഹേഷ് രാമകൃഷ്ണൻ മുഖേന ബാലകൃഷ്ണൻ കോടതിയിൽ ഹരജി നൽകിയത്.
റവന്യൂ ഭൂമിയിലല്ല വിനോദസഞ്ചാര കേന്ദ്രം പ്രവർത്തിക്കുന്നതെന്നാണ് കോടതിയിലുള്ള കേസ്. റവന്യൂ വകുപ്പ് ഏഴര ഏക്കറാണ് ഡി.ടി.പി.സിക്ക് കൈമാറിയതായി രേഖയാക്കിയിട്ടുള്ളത്. എന്നാൽ, ഡി.ടി.പി.സി 14 ഏക്കർ സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ട്.
മിച്ചംവരുന്ന സ്ഥലം ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നാണ് കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണൻ പറയുന്നത്. പാലക്കയം തട്ടിലെ ഒരുകോടിയുടെ നിർമാണങ്ങളിൽ 60 ലക്ഷത്തിന്റെ അഴിമതി നടന്നുവെന്ന പരാതിയിൽ വിജിലൻസ് കേസെടുത്തിട്ടുമുണ്ട്. ഇതിനിടയിലാണ് ടെൻഡർ നടപടികളുമായി ടൂറിസം പ്രമോഷൻ കൗൺസിൽ മുന്നോട്ടു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.