സഞ്ചാരികൾക്ക് വിസ്മയമായി കൊട്ടിയൂരിലെ പാൽച്ചുരം വെള്ളച്ചാട്ടം
text_fieldsകൊട്ടിയൂർ: വിനോദസഞ്ചാരികൾക്ക് വിസ്മയമായി കൊട്ടിയൂരിലെ പാൽച്ചുരം വെള്ളച്ചാട്ടം. എന്നാൽ, ഏവരുടെയും മനംകുളിർപ്പിക്കുന്ന ഈ വെള്ളച്ചാട്ടം കാണണമെങ്കില്‍ സാഹസിക യാത്രതന്നെ വേണ്ടിവരും. കൂറ്റന്‍ പാറകള്‍ക്കിടയിലൂടെ ആര്‍ത്തലച്ച് ഒഴുകുന്ന ചെകുത്താന് തോടിനെ ഏറ്റവും കൂടുതല്‍ മനോഹരിയാക്കുന്നത് ഈ വെള്ളച്ചാട്ടമാണ്. വേനല്‍ക്കാലത്ത് ഭംഗിയല്പം കുറയുമെങ്കിലും മണ്‍സൂണ്‍ ടൂറിസത്തിന് എന്തുകൊണ്ടും പറ്റിയ സ്ഥലം തന്നെയാണിവിടം.
നിത്യഹരിത വനത്തോടു ചേർന്ന് കുത്തനെ താഴേക്കു നീളുന്ന പാൽച്ചുരം റോഡിന് അൽപം മാറി കാട്ടിനുള്ളിലാണ് ഈ നീർച്ചാട്ടം. പല ദിവസങ്ങളിലും കോടമഞ്ഞിനിടയിലൂടെയാണ് ഇവിടെ എത്താനാവുക. ചുരം പാതകളും കൊക്കകളും താണ്ടി കാൽനടയായി അര കിലോമീറ്ററോളം സഞ്ചരിച്ചാൽ വെള്ളച്ചാട്ടമായി. അവസാനത്തെ 250 മീറ്ററോളം ഭാഗം വനത്തിലൂടെയാണ് യാത്ര.
പകൽ പോലും വെയിൽ കടന്നെത്താൻ മടിക്കുന്ന കാട്. വഴിനീളെ പലതരം മരങ്ങളും പന്നൽച്ചെടികളും വള്ളിപ്പടർപ്പുകളുമുണ്ട്. വഴി ചെന്നുനിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ നേരെ ചുവട്ടിലാണ്. പാൽനുര തൂകിയാണ് വെള്ളം പതഞ്ഞ് ചാടുന്നത്. വെള്ളം ചാടിയെത്തുന്നിടത്ത് ചെറിയൊരു കുളംപോലെ രൂപപ്പെട്ടിട്ടുണ്ട്. അതിൽ നീന്തിക്കുളിക്കാം. വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കിളികളുടെ ആരവവും അല്ലാതെ മറ്റൊരു ശബ്ദവും കടന്നെത്താത്ത ഇടം. വിനോദസഞ്ചാര വകുപ്പ് ഒന്ന് കണ്ണുതുറന്നാൽ ഇവിടം സഞ്ചാരികളുടെ മൺസൂൺ താവളമാകുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.