യു.ഡി.എഫിൽ നീറിപ്പുകഞ്ഞ് പള്ളിക്കുന്ന് ബാങ്ക് പ്രശ്നം
text_fieldsകണ്ണൂർ: പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് പ്രശ്നം യു.ഡി.എഫിൽ വീണ്ടും നീറിപ്പുകയുന്നു. ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാത്തതാണ് പുതിയ വിവാദത്തിന് ഇടയാക്കുന്നത്. കണ്ണൂർ കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷിനെ എൽ.ഡി.എഫ് പക്ഷത്തുനിന്ന് കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിെൻറ ഭാഗമായി ഉണ്ടാക്കിയ ഉടമ്പടിയാണ് ഭരണസമിതി നടപ്പാക്കാത്തത്. പി.കെ. രാഗേഷിെൻറ നിയന്ത്രണത്തിലുള്ള ബാങ്കിെൻറ പ്രസിഡൻറ് അദ്ദേഹത്തിെൻറ സഹോദരൻ പി.കെ. രഞ്ജിത്താണ്. കോൺഗ്രസ് പ്രവർത്തകരായ കെ. രൂപേഷ്, വസന്ത് പള്ളിയാംമൂല, ടി.കെ. നിനിൽ, മുസ്ലിം ലീഗ് പ്രവർത്തകരായ പി.കെ. ഹാരിസ്, കെ.പി. റാസിഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
കെ. സുധാകരനുമായി തെറ്റിയായിരുന്നു പി.കെ. രാഗേഷ് കണ്ണൂർ കോർപറേഷനിലേക്ക് സ്വതന്ത്രനായി പഞ്ഞിക്കയിൽ ഡിവിഷനിൽ മത്സരിച്ചു ജയിച്ചത്. പി.കെ. രാഗേഷ് തീരുമാനിക്കുന്ന പക്ഷത്തിന് ഭരണം കിട്ടുമെന്നതായിരുന്നു കക്ഷിനില. ഒടുവിൽ എൽ.ഡി.എഫിനെ പിന്തുണച്ചതോടെ എൽ.ഡി.എഫിലെ ഇ.പി. ലത മേയറായി. എന്നാൽ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സി. സമീറാണ് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൂർണമായും എൽ.ഡി.എഫിനൊപ്പം നിലകൊണ്ട രാഗേഷിെൻറ ബലത്തിൽ സി. സമീറിനെ പുറത്താക്കി.
എൽ.ഡി.എഫ് പിന്തുണയോടെ പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയറായി. 2018ലെ പാർലമെൻറ് തെരഞ്ഞെടുപ്പോടെയാണ് കെ. സുധാകരനുമായി പി.കെ. രാഗേഷ് വീണ്ടും അടുത്തത്. ഇതേതുടർന്ന് പ്രഥമ കോർപറേഷെൻറ കാലാവധി അവസാനിക്കാൻ ഒരുവർഷം ബാക്കിയിരിക്കെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിനൊപ്പം പി.കെ. രാഗേഷ് ചേർന്ന് ഇ.പി. ലതയെ പുറത്താക്കി. ഇതിെൻറ തിരിച്ചടിയായി എൽ.ഡി.എഫ് പി.കെ. രാഗേഷിനെയും അവിശ്വാസത്തിലൂടെ പുറത്താക്കി.
2015ഒാടെ പള്ളിക്കുന്ന് സഹകരണ ബാങ്ക് പി.കെ. രാഗേഷ് നിയന്ത്രണത്തിലാക്കിയത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിെൻറ ഫലമായി കോൺഗ്രസ് -മുസ്ലിം ലീഗ് പ്രവർത്തകരായ അഞ്ച് ജീവനക്കാരെ ബാങ്കിൽനിന്ന് പുറത്താക്കി. ഇതിനെതിരെ ജീവനക്കാർ തുടങ്ങിയ നിയമപോരാട്ടം ഇപ്പോഴും തുടരുന്നുണ്ട്. ബാങ്ക് പ്രശ്നത്തിൽ മുസ്ലിം ലീഗും പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പി.കെ. രാഗേഷിനെതിരായിരുന്നു. ബാങ്കിൽനിന്ന് പിരിച്ചുവിട്ട മുസ്ലിം ലീഗ് പ്രവർത്തകെൻറ ഭാര്യ കോർപറേഷനിൽ മുസ്ലിം ലീഗ് കൗൺസിലറായിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഗൾഫിലായിരുന്ന ഇവരുടെ അടക്കം വോട്ട് ഉറപ്പിക്കുന്നതിെൻറ ഭാഗമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് വീണ്ടും ധാരണയിൽ എത്തി. ഡി.സി.സി, മുസ്ലിം ലീഗ് ജില്ല നേതൃത്വങ്ങൾ നിരന്തരം ചർച്ച നടത്തിയാണ് വ്യവസ്ഥയുണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ ജയിച്ച് ഡെപ്യൂട്ടി മേയറായതോടെ ധാരണ നടപ്പാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
പിരിച്ചുവിട്ട ജീവനക്കാർ നിയമപോരാട്ടം നടത്തുന്നതിനിടെ 2016 വസന്ത് പള്ളിയാംമൂലയും ഇക്കഴിഞ്ഞ ജൂലൈ 31ന് ഹാരിസും വിരമിച്ചു. അതിനിടെ കോർപറേഷൻ ഭരണനേതൃത്വവുമായി ഇടഞ്ഞ് പി.കെ. രാഗേഷ് കോർപറേഷനിൽനിന്ന് വിട്ടുനിൽക്കുകയാണ്. രണ്ട് കൗൺസിൽ യോഗത്തിൽ ഹാജരാകാത്ത പി.കെ. രാഗേഷ് കോർപറേഷൻ ഭരണസമിതി കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിലും പെങ്കടുത്തിട്ടില്ല. കെ.പി.സി.സി പ്രസിഡൻറും ഡി.സി.സി പ്രസിഡൻറും ഇടപെെട്ടങ്കിലും ഫലമുണ്ടായില്ല.
സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി
പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. ബാങ്കിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെയാണ് അന്വേഷണം തുടങ്ങിയത്. ഇതിെൻറ ഭാഗമായി ഇൗമാസം 13ന് തെളിവെടുപ്പിന് ഹാജരാകാൻ ജോ. രജിസ്ട്രാർ ബാങ്ക് ഭരണസമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിധിക്കപ്പുറം നിയമനം നടത്തിയതായി സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബന്ധുനിയമനങ്ങൾ അടക്കമുള്ള ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ഉയർന്നത്.
ഡി.സി.സിയുടെ അന്ത്യശാസനത്തിനും അവഗണന
പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്കിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരെ ഒരാഴ്ചക്കകം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ബാങ്ക് ഭരണസമിതിക്ക് നൽകിയ കത്തിനും അവഗണനതന്നെ. കെ.പി.സി.സി പ്രസിഡൻറിെൻറ നർദേശപ്രകാരമാണ് ഡി.സി.സി പ്രസിഡൻറ് കത്ത് നൽകിയത്. കത്ത് നൽകി രണ്ടാഴ്ചയായിട്ടും ഭരണസമിതിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല. ഇതേതുടർന്ന് ഡി.സി.സി നിർദേശം അനുസരിക്കാത്ത ബാങ്ക് പ്രസിഡൻറിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം പള്ളിക്കുന്നിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.