കൈത്തറിയുടെ മണ്ണിനും ചുവപ്പുരാശി; നാറാത്ത് ബലാബലം
text_fieldsകണ്ണൂർ ജില്ലയിൽ മൂന്നാമതായി 1937ൽ രൂപവത്കരിച്ച പഞ്ചായത്താണ് അഴീക്കോട്. 1979 മുതൽ തുടർച്ചയായി നാല് പതിറ്റാണ്ടോളം ഇടതിനോടൊപ്പമാണ് അഴീക്കോട് പഞ്ചായത്ത് നിന്നത്. ജില്ലയിലെ പ്രധാന കൈത്തറി കേന്ദ്രമാണ് ഈ പ്രദേശം. സമസ്ത മേഖലയും പുരോഗതിയിലെത്തിക്കാൻ സാധിച്ചുവെന്ന അവകാശ വാദവുമായാണ് ഭരണസമിതി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെ വാർഡായ 23 സീറ്റിൽ 15 സീറ്റ് സി.പി.എമ്മും സി.പി.ഐ ഒരുസീറ്റിലും വിജയിച്ചാണ് ഭരണം കൈയാളുന്നത്. പ്രതിപക്ഷത്തിൽ കോൺഗ്രസിന് നാലും മുസ്ലിം ലീഗിന് രണ്ടും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്.
ഇത്തവണ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 19 സീറ്റിൽ സി.പി.എം ജനവിധി തേടുമ്പോൾ നാല് സീറ്റിലാണ് സി.പി.ഐ തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.
യു.ഡി.എഫിൽ 18 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ നാല് സീറ്റിൽ ലീഗും ഒരു സീറ്റിൽ സി.എം.പിയും മത്സരരംഗത്തുണ്ട്.
എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ രാഷ്ട്രീയ സ്വാധീനമുള്ള പഞ്ചായത്താണ് നാറാത്ത്. ഇരുമുന്നണികളും മാറി മാറി ഭരണം നടത്താറാണ് പതിവെങ്കിലും 10 വർഷമായി എൽ.ഡി.എഫാണ് ഭരണകക്ഷി.
2005 -10 കാലയളവിൽ 16 സീറ്റ് മാത്രമുള്ളപ്പോൾ എട്ട് സീറ്റ് എൽ.ഡി.എഫിനും എട്ട് സീറ്റ് യു.ഡി.എഫിനും ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിൽ യു.ഡി.എഫിന് ഭരണം കിട്ടി.
നിലവിൽ പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്.
കഴിഞ്ഞതവണ 17 സീറ്റിൽ സി.പി.എം 10 സീറ്റിലാണ് ജയിച്ചത്. അഞ്ച് സീറ്റ് മുസ്ലിംലീഗും ഒരു സീറ്റ് കോൺഗ്രസും ഒരു സീറ്റ് കോൺഗ്രസ് വിമതനുമാണ് നേടിയത്.
ഈ തെരഞ്ഞെടുപ്പിൽ സി.പി.എം15 സീറ്റിലും ഒരു സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ ഐ.എൻ.എല്ലുമാണ് ഇടതുപക്ഷത്തിനുവേണ്ടി രംഗത്തുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ് പിന്തുണയോടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസും ഏഴ് സീറ്റിൽ ലീഗുമാണ് മത്സരിക്കുന്നത്.
ചുവന്നുതുടുത്ത് കുറ്റ്യാട്ടൂർ
മാണിയൂർ, കുറ്റ്യാട്ടൂർ വില്ലേജ് പഞ്ചായത്തുകൾ പിരിച്ചുവിട്ടതിനെ തുടർന്ന് 1962ൽ രൂപവത്കൃതമായതാണ് കുറ്റ്യാട്ടൂർ പഞ്ചായത്ത്. ജില്ലയിൽ കാർഷിക പെരുമയുള്ള നാടാണ് കുറ്റ്യാട്ടൂർ. പഞ്ചായത്ത് രൂപവത്കൃതമായത് മുതൽ സി.പി.എം നിയന്ത്രണത്തിൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ആകെ 16 വാർഡിൽ 15 സീറ്റിലും സി.പി.എം ആണ് വിജയിച്ചത്. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് യു.ഡി.എഫിൽ ഏക സീറ്റ് നേടിയ മുസ്ലിം ലീഗിലെ കെ.വി. ജുവൈരിയത്താണ്. ഐ.എസ്.ഒ അംഗീകാരം, മികച്ച ജൈവ കൃഷിരീതിക്കുള്ള ജില്ലതല ജൈവ മണ്ഡലം അവാർഡ്, നൂറ് ശതമാനം നികുതി പിരിവിനുള്ള അവാർഡ് തുടങ്ങി നേട്ടങ്ങളുടെ നീണ്ടപട്ടിക ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഇൗ തെരഞ്ഞെടുപ്പിലും അങ്കം കുറിക്കുന്നത്.
നിലവിലെ ഭരണസമിതി സമ്പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടങ്ങളുടെ നീണ്ടപട്ടിക നിരത്തിയാണ് യു.ഡി.എഫ് അങ്കത്തിനൊരുങ്ങുന്നത്. 14 സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ ലീഗുമാണ് ഇത്തവണ മത്സരിക്കുന്നത്.
മയ്യിലും ഇടത്തോട്ടുതന്നെ
1962ൽ രൂപവത്കൃതമായതുമുതൽ മയ്യിൽ പഞ്ചായത്തിെൻറ ഭരണം ഇടതുപക്ഷത്തെ ഏൽപിച്ച ചരിത്രമാണ്. ആെകയുള്ള 18 വാർഡിൽ സി.പി.എം -15, ഇടത് സ്വതന്ത്രൻ -1, കോൺഗ്രസ് -1, മുസ്ലിം ലീഗ്-1 എന്നിങ്ങനെയാണ് കഴിഞ്ഞ ഭരണസമിതിയിലെ സീറ്റ് നില.
ഇത്തവണ 17 സീറ്റിൽ സി.പി.എമ്മും ഒരു സീറ്റിൽ സി.പി.എം സ്വതന്ത്രനുമാണ് ഇടതുപക്ഷത്തിനു വേണ്ടി മത്സരരംഗത്തുള്ളത്. 18 സീറ്റിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 14 സീറ്റിൽ കോൺഗ്രസും നാല് സീറ്റിൽ ലീഗുമാണ് മത്സരരംഗത്തുള്ളത്. വികസന മാതൃകകൾ മുൻനിർത്തിയാണ് എൽ.ഡി.എഫ് വോട്ടഭ്യർഥന നടത്തുന്നത്. എന്നാൽ, വർഷങ്ങളായുള്ള ഭരണത്തുടർച്ച നാടിെൻറ വികസന മുരടിപ്പിലേക്കാണ് എത്തിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.