പാനൂർ ഗവ. താലൂക്ക് ആശുപത്രിയിൽ തീപിടിത്തം
text_fieldsപാനൂർ: ഗവ. താലൂക്കാശുപത്രിയിൽ ജനറേറ്റർ തീപിടിച്ച് കത്തിനശിച്ച സംഭവത്തിൽ ഒഴിവായത് വൻ അപകടം. ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. കനത്ത പുകപടലമുയർന്നതിനെ തുടർന്ന് രോഗികളും ജീവനക്കാരും ആശുപത്രി മീറ്റിങ് ഹാളിൽ പരിശീലനത്തിനെത്തിയ വിവിധ പി.എച്ച്.സിയിലെ ജീവനക്കാരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
പാനൂർ ഗവ. താലൂക്കാശുപത്രിയിൽ 11.45 ഓടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ ജനറേറ്ററിൽനിന്ന് തീയാളിയത്. ആശുപത്രി കോമ്പൗണ്ടിലാണ് ജനറേറ്റർ ഉണ്ടായിരുന്നത്. രൂക്ഷമായ പുകപടലമുയർന്നതോടെ രോഗികളും ജീവനക്കാരും പുറത്തിറങ്ങിയോടി. ഈ സമയം കുട്ടികളടക്കം നിരവധിയാളുകൾ സ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം ഓടി റോഡിലേക്ക് മാറി. കത്തിയ ജനറേറ്ററിനരികെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു. ഇവ മാറ്റിയതിനാൽ വൻ അപകടമാണൊഴിവായത്.
മെഡിക്കൽ ഓഫിസർ ഐ. അനിൽകുമാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ അഗ്നിരക്ഷാസേന ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീജിത്ത്, സീനിയർ ഓഫിസർ സൂരജ്, സേനാംഗങ്ങളായ ജിജേഷ്, രാഹുൽ, സുഭാഷ്, അജീഷ്, ശ്രീവത്സൻ, വിനിൽ, രത്നാകരൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.
മറ്റ് മുറികളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ജനറേറ്റർ പൂർണമായും കത്തിനശിച്ചു. അനുബന്ധ വയറിങ് സാമഗ്രികളും കത്തിനശിച്ചു. ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. തീപിടിത്തത്തെ തുടർന്ന് മീറ്റിങ് ഹാളിൽ നടക്കുകയായിരുന്ന പരിശീലനവും നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.