18 കി.മീ നടന്ന് യുക്രെയ്ൻ അതിർത്തി കടന്നു; ഒരു ദുഃസ്വപ്നം പോലെ
text_fieldsപാനൂർ: യുക്രെയ്ൻ അതിർത്തി കടക്കാൻ 18 കിലോമീറ്ററോളം നടന്ന അനുഭവം ഒരു ദുഃസ്വപ്നം പോലെ ഓർത്തെടുക്കുകയാണ് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികളായ പാറാട് സ്വദേശികൾ.
കൊമ്പന്റെവിടെ ഉമ്മറിന്റെയും ഹാജറയുടെയും മകൾ ഹിബ ഉമ്മർ (20), മരുന്നന്റവിടെ കുഞ്ഞമ്മദിന്റെയും സുലൈഖയുടെയും മകൻ ഫായിസ് (21), പത്തായത്തിൽ മുഹമ്മദ് അഷ്റഫിന്റെയും സമീറയുടെയും മകൻ അഹമ്മദ് ബിഷർ (19), ചെറുപ്പറമ്പ് വണ്ണത്താംകണ്ടിയിൽ സുൾഫിക്കറുടെയും ജുബൈരിയ്യയുടെയും മകൾ റാനിയ സുൾഫിക്കർ (20), കൈവേലിക്കൽ കല്ലുളപറമ്പത്ത് മുജീബിന്റെയും സാജിതയുടെയും മകൾ ഹിബ ഫാത്തിമ (20) എന്നിവരാണ് ഞായറാഴ്ച വെളുപ്പിന് ഒന്നോടെ പുത്തൂർ പ്രദേശത്തെ വീടുകളിൽ എത്തിയത്. മഞ്ഞുവീഴുന്ന കൊടും തണുപ്പിൽ 14 മണിക്കൂറോളം കഠിന യാതനകൾക്കുശേഷമാണ് റുമേനിയയിൽ എത്തിയത്.
അഞ്ചു പേരും യുക്രെയ്നിലെ വിനിക്സിയ നാഷനൽ പിറക്കോവ് മെമ്മോറിയൽ മെഡിക്കൽ സർവകലാശാലയിൽ ഒന്നാം വർഷ രണ്ടാം സെമസ്റ്റർ വിദ്യാർഥികളാണ്. ഫെബ്രുവരി 25ന് കോളജിൽനിന്ന് പുറപ്പെട്ട ഇവർ 10 ദിവസം പിന്നിട്ടശേഷമാണ് വീടണഞ്ഞത്.
സ്വന്തം പരിശ്രമത്തിന്റെ ഫലമായാണ് നാട്ടിൽ എത്താൻ സാധിച്ചതെന്നും ഇന്ത്യൻ എംബസിയുടെയോ മറ്റു സംഘടനകളുടെയോ സഹായം ലഭിച്ചില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.