സ്കൂൾ കുട്ടികൾക്കെതിരായ അതിക്രമം തടയൽ ലക്ഷ്യം; ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കുന്നു
text_fieldsപാനൂർ: വിദ്യാർഥികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ചട്ടത്തിൽ സർക്കാർ നിയമം കർശനമാക്കുന്നു. സ്കൂളിന്റെ സ്വന്തം വണ്ടികളല്ലാതെ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് നിയമം ബാധകമാണ്. സ്കൂൾ പരിധിയിലെ പൊലീസ് സ്റ്റേഷനിൽനിന്നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
ഡ്രൈവർമാർക്കും സഹായികൾക്കും പുറമെ സ്കൂളിന്റെ ഔദ്യോഗിക സ്റ്റാഫല്ലാത്ത ഉച്ചഭക്ഷണം പാകം ചെയ്യുന്നവർ, സ്കൂൾ കാന്റീനിൽ പ്രവർത്തിക്കുന്നവർ, മറ്റ് സ്കൂൾ കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. നിയമം കഴിഞ്ഞവർഷം തന്നെ നിലവിൽ വന്നെങ്കിലും ഇത്തവണ നിയമം കർശനമാക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
ക്രിമിനൽ കേസ് പ്രതികൾ, പോക്സോ, കാപ്പ എന്നിവയിലുൾപ്പെട്ടവർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സ്കൂൾ കുട്ടികൾക്കെതിരായ അതിക്രമം തടയാനുദ്ദേശിച്ചാണ് നിയമം കർശനമാക്കുന്നത്. സ്കൂൾ ജൂൺ മൂന്നിന് ആരംഭിക്കാനിരിക്കെ ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇതുവരെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.