പാനൂരിെൻറ സ്വന്തം മോഹനേട്ടൻ; കാരുണ്യക്കടലായി പൊട്ടങ്കണ്ടി
text_fieldsപാനൂർ: കടുത്ത ചൂടിനോട് സന്ധി ചെയ്ത് പര്യടന പരിപാടി വൈകുന്നേരമാക്കിയതോടെ രാവിലെകളിൽ പരമാവധി വോട്ടർമാരെ നേരിട്ട് കാണുകയാണ് യു.ഡി.എഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ല. സ്ഥാനാർഥിക്കുപ്പായത്തിന് അടിതീരാത്ത യു.ഡി.എഫ് പാളയത്തിൽ ഒഴിഞ്ഞുമാറി ഒടുവിൽ സമ്മതം മൂളിയ അദ്ദേഹത്തിന് വിശ്രമമില്ലാത്ത ദിവസങ്ങളാണിത്.
രാവിലെ 11 മണിയോടെ വലിയ വെളിച്ചം മരിയൻ അപ്പാരൽസിൽ ആയിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിൽശാലയിലായിരുന്നു തുടക്കം. ഇന്ത്യക്കകത്തും പുറത്തും വസ്ത്രവ്യാപാരം നടത്തുന്ന സ്ഥാപനത്തിൽ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികൾ. കുശലം പറച്ചിലിനിടെ മണ്ഡലത്തിൽ താൻ വിജയിച്ചാൽ വലിയ വെളിച്ചം വ്യവസായ പാർക്ക് ആയിരം ഏക്കറായി വികസിപ്പിക്കുമെന്ന യു.ഡി.എഫിെൻറ വാഗ്ദാനം ഓർമിപ്പിച്ച് പടിയിറങ്ങി. പി.വി.സി പൈപ്പ് നിർമാണ യൂനിറ്റ്, ജിയോസാൻഡ്, പയ്യോളി മിക്സ്ചർ യൂനിറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലെ ജീവനക്കാരെയും ഉടമസ്ഥരെയും നേരിൽക്കണ്ട് വോട്ടഭ്യർഥിച്ചു.
കുട്ടിക്കുന്നിലുള്ള മഖ്ദൂമിയ അറബിക് കോളജിലും അദ്ദേഹം വോട്ട് തേടിയെത്തി. സി.ജി. തങ്കച്ചൻ, സത്യൻ നരവൂർ, ബി.വി. അഷ്റഫ്, എ.ടി. അഷ്റഫ്, മൊട്ടമ്മൽ അലി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു . ഉച്ചയോടെ താൻ ഉൾപ്പെടുന്ന കമ്മിറ്റി പടുത്തുയർത്തിയ കല്ലിക്കണ്ടി എൻ.എ.എം കോളജിലെ ന്യൂ ജെൻ വോട്ടർമാരുടെ ഇടയിലേക്ക്. തീപറക്കുന്ന വെയിലിൽ ജയ് വിളിയും സെൽഫിയെടുക്കലുമായി കൗമാരക്കാരോടൊപ്പം ഏറെനേരം ചെലവഴിച്ചു.
വൈകീട്ട് പൂക്കോട്ട് നിന്ന് തുടങ്ങിയ കോട്ടയം മലബാർ പഞ്ചായത്ത് പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കിണവക്കൽ ടൗണിൽ സമാപിച്ചു. കിണവക്കലിൽ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.
ഉച്ചവെയിൽ തിളക്കുമ്പോൾ അവിചാരിതമായെത്തിയ മഴച്ചാറലുമേറ്റാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. മോഹനൻ എന്ന പാനൂരിന്റെ മോഹനേട്ടൻ കാളാച്ചേരി മുക്കിലെത്തിയത്. കടുത്ത വെയിൽ പ്രമാണിച്ച് ഉച്ചക്ക് ശേഷമാണ് സ്ഥാനാർഥി പര്യടനം തുടങ്ങിയത്. കാളാച്ചേരി മുക്കിലപ്പോൾ യുവപ്രാസംഗികർ പിണറായിയുടെ വികസനകാലം വാഴ്ത്തിപ്പാടുകയായിരുന്നു. മുത്തുക്കുടയും ചെണ്ടമേളവുമൊക്കെയായാണ് സ്ഥാനാർഥിയെ നാട്ടുകാർ വരവേറ്റത്. ഇതിനിടെ തൊട്ടടുത്ത വീട്ടിലും കയറി വോട്ടറെ കാണാൻ മറന്നില്ല.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഹാരാർപ്പണം. ശേഷം കൊച്ചുപ്രസംഗം. കഴിഞ്ഞ അഞ്ചുവർഷം ശൈലജ ടീച്ചർ മണ്ഡലത്തിന് നൽകിയ വികസനക്കണക്കുകളുടെ ഓർമപ്പെടുത്തൽ. ഇടതുപക്ഷം നൽകുന്ന ഉറപ്പുകളുടെ ലിസ്റ്റ്.
പോരാട്ടത്തിെൻറ ചോര തുടിക്കുന്ന കൂത്തുപറമ്പിെൻറ മണ്ണെന്ന ത്രസിപ്പിക്കുന്ന അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ അടുത്ത കേന്ദ്രമായ പാനൂർ പി.കെ മുക്കിലേക്ക്. പി.കെ മുക്കിൽ ആൾക്കൂട്ടത്തിെൻറ സ്നേഹാദരം. എല്ലാ കേന്ദ്രങ്ങളിലും ആറ്റിക്കുറുക്കിയ പ്രസംഗം.
പാലത്തായിയിൽ പ്രവർത്തകർ ഒരുക്കിയ ട്രാക്ടർ ഡ്രൈവിങ്. പെരിങ്ങത്തൂർ, പുളിയനമ്പ്രം, കിടഞ്ഞി, കരിയാട് വഴി രാത്രി ഒമ്പത് മണിയോടെ മുക്കാളിക്കരയിൽ സമാപനം. നേതാക്കളായ കെ.കെ. സുധീർ കുമാർ, കെ. കുമാരൻ, കെ.കെ. ബാലൻ, കെ. രാമചന്ദ്രൻ, കെ.പി. യൂസഫ്, പി.കെ. പ്രവീൺ, എം.പി. ബൈജു, എൻ. ധനഞ്ജയൻ എന്നിവർ വഴികാട്ടികളായി ഒപ്പം തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.