മീൻ വളർത്താൻ കോളി കുളത്തിൽ കുളി നിരോധിച്ചു; പ്രതിഷേധം
text_fieldsപാനൂർ: നഗരസഭയിലെ എലാങ്കോട് നാലാം വാർഡിലെ കോളി കുളം മത്സ്യം വളർത്തലിനായി മാറ്റിയതിൽ നാട്ടുകാരിൽ പ്രതിഷേധം. വർഷങ്ങളായി പ്രദേശവാസികൾ നീന്തൽ പഠിക്കുന്ന കുളമാണ് ഇപ്പോൾ താൽക്കാലികമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കാർപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് താൽക്കാലികമായി മീൻ വളർത്തു കുളമാക്കിയത്. ഇനി മുതൽ ഇവിടെ കുളിക്കരുതെന്ന ബോർഡും നഗരസഭ സ്ഥാപിച്ചിട്ടുണ്ട്.
ഈയിടെയാണ് എട്ട് ലക്ഷം രൂപ നഗരസഞ്ചയിക ഫണ്ടിൽനിന്ന് ചെലവഴിച്ച് കുളം നവീകരിച്ചത്. കരിങ്കൽ ഭിത്തി കെട്ടി വൃത്തിയാക്കിയതോടെ നീന്തൽ പരിശീലനവും നിരവധി പേരുടെ കുളിയും കുളത്തിലായി. എന്നാൽ, ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കോളി കടവ് കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്ന പദ്ധതി നഗരസഭ തുടങ്ങിയതോടെ നാട്ടുകാരുടെ കുളിയും നീന്തൽ പഠനവും ‘കുളമായി’.
കുളത്തിലെ കുളി നിരോധിച്ചുവെന്ന ഉത്തരവ് ബാനർ രൂപത്തിൽ കെട്ടിയതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. പൊതുകുളം നിർമിക്കാൻ അണിയേരി നാരായണൻ മാസ്റ്റർ സംഭാവന ചെയ്ത സ്ഥലത്താണ് കോളി കുളം നിർമിച്ചത്. നഗര സഞ്ചയികാ ഫണ്ടിൽ എരഞ്ഞിക്കുളം ആത്തൂർകുളം കോളി കുളം എന്നിവിടങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിലാണ് കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മൂന്ന് കുടുംബശ്രീകളാണ് ഗുണഭോക്താക്കളെന്ന് ഫിഷറീസ് കോഓഡിനേറ്റർ പറഞ്ഞു. അതേസമയം പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വാർഡ് മെംബർ ഹാജറ യൂസഫ് പറഞ്ഞു.
പാനൂർ നഗരസഭ പരിധിയിൽ ഒരുസ്ഥലത്തുപോലും കുട്ടികളെ ശാസ്ത്രീയമായി നീന്തൽ പഠിപ്പിക്കുന്ന സംവിധാനമില്ല. ഇത്തരം കുളങ്ങളിൽ ഭാവിയിൽ കുട്ടികളെ ശാസ്ത്രീയമായി നീന്തൽ പഠിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും നീന്തൽ പഠനത്തിന് പ്രോത്സാഹനം നൽകുകയും വേണമെന്ന ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.