ബോട്ട് ജെട്ടികളായി; വിനോദസഞ്ചാരികളെ കാത്ത് പെരിങ്ങത്തൂർ
text_fieldsപാനൂർ: നഗരസഭ പരിധിയിലെ പെരിങ്ങത്തൂർ, മോന്താൽ, കരിയാട് ചൊക്ലി പഞ്ചായത്ത് പരിധിയിലെ കക്കടവ്, പാത്തിക്കൽ പുഴയോരത്ത് ബോട്ട് ജെട്ടികളുടെ നിർമാണം പൂർത്തിയായി. മയ്യഴിപ്പുഴയുടെ ഭാഗമായ പെരിങ്ങത്തൂർ, മോന്താൽ, പാത്തിക്കൽ പുഴയുടെ തീരത്താണ് മനോഹരമായ ബോട്ട് ജെട്ടികൾ പൂർത്തിയായത്. ന്യൂ മാഹിയിൽ എം. മുകുന്ദൻ പാർക്കിനോട് ചേർന്ന ജെട്ടി നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു.
മയ്യഴിപ്പുഴയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായാണ് ബോട്ട് ജെട്ടികൾ നിർമിച്ചത്. എല്ലാ ജെട്ടികളും ജില്ലയുടെ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ജെട്ടികളിൽ ഇരിപ്പിടങ്ങളും സൗരവിളക്കുകളും സജ്ജമായിക്കഴിഞ്ഞു.
എല്ലാ ജെട്ടികളുടെയും പേരുകളും സ്ഥാപിച്ചു. എന്നാൽ, ജെട്ടികളുമായി ബന്ധപ്പെട്ട റോഡുകളും ഉദ്യാനവഴികളും ശൗചാലയങ്ങളുടെ പ്രവർത്തനവും സജ്ജമായിട്ടില്ല. ജെട്ടികളിലേക്കുള്ള റോഡുകൾ ആധുനിക രീതിയിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് ദ്രുതഗതിയിൽ പൂർത്തിയാക്കേണ്ടത്. എന്നാൽ, പല റോഡുകളുടെയും പ്രവൃത്തി ഇനിയും തുടങ്ങിയിട്ടുപോലുമില്ല.
മോന്താൽ ടൗണിൽനിന്ന് പടന്നക്കരയിലേക്കുള്ള ചെമ്മൺ റോഡിലാണ് മോന്താൽ ബോട്ട് ജെട്ടി. ഈ റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടേയുള്ളു. കിടഞ്ഞിയിലെ ബോട്ട് ജെട്ടിയിലേക്കുള്ള റോഡ് നിർമ്മാണവുമായില്ല.
ബോട്ട് ജെട്ടികൾ പൂർത്തിയായിട്ടും അനുബന്ധ റോഡുകൾ ഇപ്പോഴും നിർമ്മാണം കാത്തിരിക്കുകയാണ്. മോന്താൽ-പാത്തിക്കൽ റോഡ് വികസനവും നടന്നിട്ടില്ല. അതേ സമയം, പ്രവർത്തനം തുടങ്ങിയില്ലെങ്കിലും എല്ലാ ബോട്ട് ജെട്ടികളിലും സന്ദർശകരുടെ തിരക്കാണ്. മോന്താൽ കേന്ദ്രീകരിച്ച് സ്വകാര്യ ബോട്ട് മണിക്കൂറിന് തുക നിശ്ചയിച്ച് പുഴയിലൂടെ സഞ്ചാരവും തുടങ്ങിയിട്ടുണ്ട്.
ഇവിടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെടാൻ തുടങ്ങിയിട്ടില്ല. നഗരസഭയിലെ പ്രാദേശിക വിനോദ സഞ്ചാര സാധ്യതകളെ ഉപയോഗപ്പെടുത്തി ബോട്ട് ജെട്ടികളെ കേന്ദ്രീകരിച്ച് എങ്ങനെയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് ഇപ്പോഴും അധികൃതർക്ക് യാതൊരു നിശ്ചയവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.