ചോർന്നൊലിച്ച് ചമ്പാട് ഇൻഡോർ സ്റ്റേഡിയം
text_fieldsപാനൂർ: മഴയിൽ ചോർന്നൊലിച്ച് ചമ്പാട് ഇൻഡോർ സ്റ്റേഡിയം. എ.എൻ. ഷംസീറിന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.26 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിച്ചത്.
2020 ഒക്ടോബർ 28ന് അന്ന് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന സ്റ്റേഡിയത്തെ കായിക പ്രേമികളും കൈയൊഴിയുകയാണ്. നിർമാണത്തിലെ അപാകത കാരണമാണ് സ്റ്റേഡിയം ദുരിതത്തിലായത്.
നിരവധി തവണ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. തേക്ക് തടികൊണ്ട് പാകിയ കളിസ്ഥലം മുഴുവൻ മഴയിൽ ദ്രവിക്കുകയാണ്. മഞ്ഞുള്ളപ്പോഴും സ്ഥിതി വ്യത്യസ്ഥമല്ല. കളിക്കാനെത്തുന്നവരാണ് സ്റ്റേഡിയം പരിപാലിക്കുന്നത്.
വുഡൻ പാനലിങ്ങിൽ ഇരുമ്പാണികൾ അടിച്ചു താഴ്ത്തിയതോടെ ആണികൾ പൊങ്ങി വന്ന് കളിക്കാർക്ക് പരിക്കേൽക്കുന്നതായും ആരോപണമുണ്ട്. സൂര്യപ്രകാശം തടയുന്നതിനായി ഉയരത്തിൽ മറയായി കെട്ടിയ ഷീറ്റുകൾ കാറ്റത്ത് മുറിഞ്ഞ് താഴെ വീഴുന്നുമുണ്ട്. എക്സ്സോസ്റ്റ് ഫാൻ ഘടിപ്പിക്കണമെന്ന കരാറും പാലിച്ചിട്ടില്ല. ചമ്പാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.സി.കെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനവും വോളിബാൾ പരിശീലനവും ഷട്ടിൽ കളിയുമെല്ലാം ഇവിടെ നടക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല.
നിലവിൽ താൽക്കാലിക കണക്ഷനാണ്. ബിൽ അടക്കുന്നതും കെ.സി.കെ സ്പോർട്സ് ക്ലബാണ്. ഈ താൽക്കാലിക കണക്ഷൻ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി കാരണമൊന്നും കൂടാതെ വിച്ഛേദിച്ചു. ഇതോടെ പുലർച്ചയും രാത്രിയും കായികപരിശീലനം നിലച്ചു. 50 ഓളം വിദ്യാർഥികൾക്ക് കെ.സി.കെ നിലവിൽ കായിക പരിശീലനം നൽകുന്നുണ്ട്. എന്നാലിപ്പോൾ പൂട്ടിയിടേണ്ട അവസ്ഥയിലാണ് സ്റ്റേഡിയം. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കെ.സി.കെ ക്ലബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.