വാട്സ് ആപ് സന്ദേശം; മെഡിക്കൽ ഓഫിസർക്കെതിരെ പഞ്ചായത്ത് പ്രസിഡൻറിൻെറ പരാതിയിൽ വിവാദം
text_fieldsപാനൂർ: കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെൻററിലെ മെഡിക്കൽ ഓഫിസർക്കെതിരെ പരാതി നൽകിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. ലതയുടെ നടപടി വിവാദമാകുന്നു. കോവിഡ് കാലത്ത് സേവനം നടത്തിവരുന്ന മെഡിക്കൽ ഓഫിസർ ഡോ.കെ.ടി. സൽമത്ത് കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന ഘട്ടത്തിലാണ് ഡോക്ടർക്കെതിരെ നടപടി ശിപാർശ ചെയ്ത് പഞ്ചായത്ത് പ്രസിഡൻറ് ആരോഗ്യ മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയത്.
പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പിൽ മോശമായ രീതിയിലുള്ള മെസേജ് അയച്ചതാണ് പരാതിക്ക് കാരണം. അതേ സമയം, ക്വാറൻറീനിൽ കഴിയുന്ന ഡോക്ടറുടെ വിശദീകരണം പോലും ചോദിക്കാതെയാണ് ഏകപക്ഷീയമായി പ്രസിഡൻറ് പരാതി നൽകിയതെന്ന ആക്ഷേപവുമായി പഞ്ചായത്ത് ഓഫിസ് പരിസരത്ത് യു.ഡി.എഫ് കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റി ജനപക്ഷ സദസ്സ് സംഘടിപ്പിച്ചു.
പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ വിഷയമുന്നയിക്കുകയും പ്രസിഡൻറുമായി രൂക്ഷ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോവുകയും തുടർന്ന് പഞ്ചായത്ത് പരിസരത്തെ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു.
ജനപക്ഷ സദസ്സ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ പി.പി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സാദിഖ് പാറാട്, പഞ്ചായത്തംഗങ്ങളായ ഫൈസൽ കൂലോത്ത്, പി.കെ. മുഹമ്മദലി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ കെ.പി. രാമചന്ദ്രൻ, ടി.സി. കുഞ്ഞിരാമൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇസ്മായിൽ മുത്താറി, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.