ചെന്താരകം ഇനി ഓർമയിൽ
text_fieldsപാനൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ വെടിയേറ്റ പുതുക്കുടി പുഷ്പൻ എന്ന സഖാവ് പുഷ്പൻ കഴിഞ്ഞ 30 വർഷമായി ശരീരം തളർന്ന് വീട്ടിലെ കിടക്കയിലായിരുന്നു. 1994 നവംബർ 25ന് കൂത്തുപറമ്പിൽ വെച്ച് വെടിയേറ്റ അന്ന് മുതലാണ് പുഷ്പൻ കിടപ്പിലായത്. മന്ത്രിയായിരിക്കെ എം.വി. രാഘവനെ തടയാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മുൻനിരയിലായിരുന്ന പുഷ്പന് 5 മീറ്റർ അകലെ വെച്ചാണ് കഴുത്തിന് വെടിയേറ്റത്. ഇതേത്തുടർന്ന് കിടപ്പിലായ പുഷ്പന് കഴിഞ്ഞ 30 വർഷവും പാർട്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്വന്തം വീട് പണിത് അതിൽ ആധുനിക സൗകര്യമുള്ള മുറിയൊരുക്കി. കഴിഞ്ഞ 30 വർഷവും പാർട്ടിയുടെ നിരന്തര ശ്രദ്ധയിലായിരുന്നു പുഷ്പൻ. 48 ദിവസമായി കോഴിക്കോട് സ്വകാര്യാശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന സഖാവിന് ഓരോ ദിവസവും ഓരോ സഖാവായിരുന്നു കൂട്ടിരിപ്പ്. പാർട്ടി യുവതയുടെ ആവേശമായിരുന്ന പുഷ്പന് വീടിന് സമീപത്തായി അന്ത്യവിശ്രമമൊരുക്കും. ഇവിടെ പുഷ്പനായി സ്മാരകവുമൊരുങ്ങും. ജില്ലയിലെത്തുന്ന അഖിലേന്ത്യ നേതാവുൾപ്പെടെയുള്ളവർ പുഷ്പനെ കാണാതെ മടങ്ങാറില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ തുടങ്ങിയ മുഖ്യമന്ത്രിമാരും ഇവിടെയെത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ ചെറുമകൾ അലിഡ ഗുവേര തുടങ്ങിയ വിദേശ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഇവിടെയെത്തിയ പ്രമുഖർ തന്നെ.
സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവരും പുഷ്പനെ സന്ദർശിക്കാറുണ്ട്. പുഷ്പന് പുറമെ കുടുംബത്തെയും സി.പി.എം സംരക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുഷ്പന്റെ സഹോദരൻ പ്രകാശന് റവന്യു വകുപ്പിൽ ജോലി നൽകി.
ഇപ്പോൾ തലശ്ശേരി താലൂക്ക് ഇലക്ഷൻ വിഭാഗത്തിലാണ് പ്രകാശൻ ജോലി ചെയ്യുന്നത്. സംസ്ഥാനത്തെ പാർട്ടിയുടെ പോരാട്ട മുഖമായിരുന്ന പുഷ്പൻ എക്കാലത്തും സഖാക്കൾക്കിടയിൽ ആവേശമായി ജ്വലിക്കും.
സമരവീര്യത്തിന്റെ ഉജ്ജ്വല സ്മരണയാണ് സ്വജീവിതം കൊണ്ട് പുഷ്പൻ അടയാളപ്പെടുത്തിയതെന്ന് കെ.പി.മോഹനൻ എം.എൽ.എ. അനുസ്മരിച്ചു. അനീതിക്കെതിരായ പോരാട്ടത്തിന് പുഷ്പന്റെ ഓർമകൾ എന്നും കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ
മാഹി: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ വിയോഗത്തെ തുടർന്ന് കൂത്തുപറമ്പ്, തലശ്ശേരി, മാഹി അസംബ്ലി മണ്ഡലങ്ങളിൽ ഞായറാഴ്ച സി.പി.എം ഹർത്താൽ ആചരിക്കും. വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവക്ക് ഹർത്താൽ ബാധകമാണ്. എന്നാൽ പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനഗതാഗതത്തിന് തടസമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.