കോവിഡ് മരണം; പാനൂരിൽ ജാഗ്രത
text_fieldsപാനൂർ: പാനൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത. നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെ തുടർന്ന് പാലക്കണ്ടി അബ്ദുല്ല (82) മരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു.
കെ.പി. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കൗൺസിലർ നസീല കണ്ടിയിൽ അധ്യക്ഷത വഹിച്ചു. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമുയർത്തി മുൻകരുതൽ നടപടികൾ കർശനമാക്കാൻ യോഗം തീരുമാനിച്ചു.പനിയുള്ള ആളുകൾ ഐസൊലേഷനിലും കോവിഡ് പോസിറ്റീവായവർ ക്വാറൻറീനിലും തുടരണം. മാസ്ക് - സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. സാമൂഹിക അകലം പാലിക്കണം.
അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ആളുകൾ കൂട്ടംകൂടി നിൽക്കരുത്. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ ക്വാറൻറീനിൽ കഴിയണം. എല്ലാ വാർഡുകളിലും പനി സർവേ നടത്തും. ആഘോഷ പരിപാടികളിൽ ആളുകളുടെ എണ്ണം കുറക്കാനും നിർദേശമുണ്ട്. വിവാഹം - ഉത്സവം തുടങ്ങിയ പരിപാടികൾ ആരോഗ്യ വിഭാഗത്തെയും നഗരസഭയെയും മുൻകൂട്ടി അറിയിക്കണമെന്നും തീരുമാനിച്ചു.
ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ യോഗം നിർദേശിച്ചിട്ടുണ്ട്. പ്രായമായവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിർദേശം നൽകി. യോഗത്തിൽ നഗരസഭ ചെയർമാൻ വി. നാസർ, കൗൺസിലർമാരായ പി.കെ. പ്രവീൺ, കെ.കെ. സുധീർ കുമാർ, താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ.എ. അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ സി.പി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ലതിഷാഭായ്, ഹെൽത്ത് നഴ്സ് കെ. ശാന്തകുമാരി, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശശി നടുവിലക്കണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.