പശുക്കൾ ചത്തത് ഹെമറേജിക് സെപ്റ്റിസീമിയ, തൈലേറിയ ബാധിച്ച്
text_fieldsപാനൂർ: കല്ലുവളപ്പിൽ ഒരു വീട്ടിലെ മൂന്ന് കറവപ്പശുക്കൾ ചത്തത് ഹെമറേജിക് സെപ്റ്റിസീമിയ, തൈലേറിയ എന്നീ രോഗങ്ങൾ ബാധിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ് ഹെമറേജിക് സെപ്റ്റിസീമിയ (കൊരലടപ്പൻ). ശ്വാസതടസ്സമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായി കാണാൻ കഴിയുക. കൂടാതെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുകയും ചെയ്യും.
ചെള്ളിലൂടെയാണ് തൈലേറിയ എന്ന രോഗം പ്രധാനമായും ബാധിക്കുക. ഇതോടൊപ്പം കടുത്ത ചൂടും കറവപ്പശുക്കളുടെ മരണ കാരണമായെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പശുക്കൾ ചത്ത ക്ഷീര കർഷകൻ നങ്ങാറമ്പൻ കുമാരന്റെ വീട്ടിൽ ജില്ല വെറ്ററിനറി ചീഫ് ഡോ. ബിജോയി, കണ്ണൂരിലെ റീജനൽ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോട്ടറി മേധാവി ഡോ. അജിത, ഡോ. സൂര്യ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമെത്തിയിരുന്നു. ഞായറാഴ്ച ചത്ത ഒരു പശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയശേഷം ശരീര ഭാഗങ്ങളുടെയും ചത്ത പശുക്കൾക്ക് കൊടുത്തിരുന്ന തീറ്റകളുടെയും സാമ്പിളുകളും ഈ സംഘം പരിശോധനക്കായി ശേഖരിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് കുമാരന്റെ ഏഴ് കറവ പശുക്കളിൽ മൂന്നണ്ണം ചത്തത്. ആദ്യം കണ്ണുകൾ നീലനിറമാകുക, തുടർന്ന് കാലുകൾ വീക്കം വരിക, തളർന്ന് വീഴുക ഇതെല്ലാമാണ് രോഗലക്ഷണമായി കാണുന്നത്. ചെള്ളു പനി, തൈലേറിയ എന്നിവ ബാധിച്ച നാലാമത്തെ പശുകിടാവിന് രോഗശമനമായിട്ടുണ്ട്.
ശേഷിച്ച മൂന്ന് പശുക്കൾക്കും ആവശ്യമായ മുൻകരുതൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വീട്ടിലെത്തിയ പാറാട് വെറ്റിനറി ഡിസ്പെൻസറിയിലെ ഡോ. ഹരിത്ത് റോഷ്, തൃപ്പങ്ങോട്ടൂർ വെറ്റിനറി ഡിസ്പെൻസറിയിലെ ഡോ. ആൽവിൻ, റിട്ട. സീനിയർ വെറ്റിനറി സർജൻ ഡോ. രവി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ മറ്റ് ക്ഷീര കർഷകർക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.