പൊയിലൂരിൽ ഒമ്പതാം ക്ലാസുകാരിയുടെ മരണം വിഷം അകത്തുചെന്നെന്ന്
text_fieldsപാനൂർ: ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ചികിത്സ നടക്കുന്നതിനിടെ ഗുരുതരാവസ്ഥയിൽ സ്വകാര്യാശുപത്രിയിൽ എത്തിച്ച വളയം സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനി ദേവതീർഥയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന് സൂചന. കൊളവല്ലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുട്ടിയുടെ അമ്മയുടെ പൊയിലൂരിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂൾ ബാഗിൽനിന്ന് എലിവിഷത്തിന്റെ ഭാഗവും നോട്ട് ബുക്കിൽ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. തുടർന്ന് കൊളവല്ലൂർ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്താനായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോയി.
മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവന്റെയും ഷൈജയുടെയും മകളാണ് ദേവതീർഥ. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
അമ്മയോടൊപ്പം കുറച്ചുകാലമായി പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീർഥ. രാവിലെയും വൈകീട്ടും അച്ഛൻ മക്കളെ സ്കൂളിലേക്കും വീട്ടിലേക്കും കൊണ്ടുവിടുകയാണ് പതിവ്.
ഛർദിയും വയറിളക്കവും കാരണം രണ്ടു ദിവസമായി തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഞായറാഴ്ച രാവിലെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഫ്രൂട്ടിയിൽനിന്നുണ്ടായ ഭക്ഷ്യവിഷബാധയാണെന്നാണ് ആദ്യം കരുതിയത്. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് എലിവിഷത്തിന്റെ അംശം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഇൻക്വസ്റ്റ് പൂർത്തിയായശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ദേവതീർഥക്ക് ഒരു സഹോദരിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.