ഈന്തുമരങ്ങളിൽ രോഗം പടരുന്നു; ഇടപെടണം
text_fieldsപാനൂർ: നിരവധി പ്രത്യേകതകളുള്ള ഈന്തുമരങ്ങൾക്ക് ഭീഷണിയായി രോഗം വ്യാപകമാകുന്നു. കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ മേഖലയിലും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുമാണ് ഈന്തു മരങ്ങളിൽ രോഗം പടർന്നുപിടിക്കുന്നത്.
വെളുത്ത ചെറിയ ജീവികൾ ഈന്തോലയിലും മറ്റു ഭാഗങ്ങളിലും പെരുകുകയും ക്രമേണ മരം മുഴുവനായി ഉണങ്ങുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് 12ാം വാർഡ് മെംബർ ഫൈസൽ കണ്ണങ്കോടിന്റെ നേതൃത്വത്തിൽ വിഷയം പഠിക്കുകയും രോഗം പിടിപെട്ട സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.
കണ്ണൂർ ജില്ല പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ഉൾപ്പെടെയുള്ള അധികൃതർക്ക് കൃഷി ഭവനുകൾ മുഖേന നിവേദനങ്ങളും നൽകിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന രോഗത്തെക്കുറിച്ച് പഠനം നടത്തി ഈന്തുമരങ്ങൾ സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് ജില്ല പരിസ്ഥിതി സമിതി നിവേദനം നൽകിയിട്ടുണ്ട്.
രോഗം ശ്രദ്ധയിൽപ്പെട്ട ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അധികൃതർ സന്ദർശനം നടത്തി പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു. വരും ദിവസങ്ങളിൽ പ്രതിരോധ മരുന്ന് ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സൈക്കസ് വിഭാഗത്തിൽപ്പെട്ട സസ്യമാണ് ഈന്ത്.
ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് ഈ സസ്യത്തിന്റെ സവിശേഷതയാണ്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ ഗണത്തിലാണ് ഈന്ത് ഉള്ളത്. ഏറെ പ്രത്യേകതകളുള്ള ഈന്തിന്റെ നാശം ഒഴിവാക്കാൻ അവസരോചിതമായ ഇടപെടൽ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.