എലാങ്കോട് ഇരുനില വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
text_fieldsപാനൂർ: സെൻട്രൽ എലാങ്കോട് ഇരുനില വീട് കത്തിനശിച്ചു. കുളങ്ങരന്റവിട അലീമയുടെ വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. അലീമ മക്കളായ സാജിത, സൗധ, സാജിതയുടെ ഭർത്താവ് മഹമൂദ്, സൗധയുടെ മകൻ ജമാൽ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തീപിടിത്തം കണ്ട് വീട്ടുകാർ പുറത്തേക്കിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാനൂർ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തം കണ്ട് ഓടിക്കൂടിയ നാട്ടുകാരും ഏറെ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ എടുത്ത് മാറ്റിയതിനാൽ കൂടുതൽ ദുരന്തം ഒഴിവാക്കാനായി. ഏതാണ്ട് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീട് പൂർണമായി ഉപയോഗശൂന്യമായി. ഒന്നാം നില മുഴുവനായി കത്തിയമർന്നു. കെ.പി. മോഹനൻ എം.എൽ.എ, നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ, കൗൺസിലർമാരായ ഖദീജ ഖാദർ, എം. രത്നാകരൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി. സുരേന്ദ്രൻ, പി.കെ. ഷാഹുൽ ഹമീദ്, പി.പി.എ. സലാം, ടി.ടി. രാജൻ, അലി നാനാറത്ത്, സന്തോഷ് കണ്ണംവെള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.