ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം; ഇംപ്രൂവ്മെന്റ് പരീക്ഷ തീയതിയിൽ അനിശ്ചിതത്വം
text_fieldsപാനൂർ: 2023 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഫിസിക്സ് 76.9, കെമിസ്ട്രി 75. 23, സോഷ്യോളജി 75.79 എക്കണോമിക്സ് 79.68 എന്നിങ്ങനെ പല വിഷയങ്ങൾക്കും വിജയശതമാനം കുറവാണ്. ഒന്നാംവർഷ പരീക്ഷയുടെ മാർക്ക് മെച്ചപ്പെടുത്താൻ കുട്ടികൾക്ക് ലഭിക്കുന്ന ഏക അവസരമാണ് ഇംപ്രൂവ്മെന്റ് പരീക്ഷ. മുൻ വർഷങ്ങളിൽ ഇത് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണ് നടത്തിയിരുന്നത്.
എന്നാൽ ഈ വർഷം മുതൽ അത് രണ്ടാംവർഷ പരീക്ഷയോടൊപ്പം മാർച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. അധ്യയന വർഷത്തിനിടക്ക് പരീക്ഷക്കും മൂല്യ നിർണയത്തിനുമായി അധ്യയന ദിവസങ്ങൾ നഷ്ടമാകുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ഒരു നീക്കം എന്നതാണ് ന്യായീകരണം.
രണ്ടാംവർഷ പരീക്ഷക്ക് പഠിക്കേണ്ട കുട്ടി അതിനടുത്ത ദിവസം നടക്കുന്ന ഒന്നാംവർഷ പരീക്ഷക്ക് തയാറെടുക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കാതെ കുട്ടികളെ സമ്മർദത്തിൽ ആക്കാനാണ് വകുപ്പ് ശ്രമിക്കുന്നത് എന്ന് ആക്ഷേപം ഉയരുന്നു. മൂന്നു വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാൻ കുട്ടിക്ക് അവസരം ഉണ്ടെങ്കിലും വികലമായ ഈ തീരുമാനം മൂലം കുട്ടികൾ ഇംപ്രൂവ് ചെയ്യാൻ മടിക്കുകയോ ചെയ്താൽ തന്നെ രണ്ടു വർഷത്തെയും ഒരുമിച്ചു പഠിക്കേണ്ടത് മൂലം പ്രകടനം മോശമാകാനോ സാധ്യതയുണ്ട്.
ഒന്നാംവർഷ പരീക്ഷ വിജ്ഞാപനം അനുസരിച്ച്, ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് 2023ല് നടത്തുന്ന പരീക്ഷകളുടെ പട്ടികയിലാണ് ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം വർഷ പരീക്ഷയോടൊപ്പമാക്കിയാൽ വിജ്ഞാപനത്തിന് വിരുദ്ധമായി 2024 മാർച്ചിലേക്ക് മാറും.
ചരിത്രത്തിലാദ്യമായി ഏറ്റവും കുറച്ച് ദിവസങ്ങൾ കൊണ്ട് ഒന്നാംവർഷ പഠനം നടത്തിയ കുട്ടികളാണ് ഇവർ. സമയപരിമിതി മൂലം ചില വിഷയങ്ങൾ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് നന്നായി പഠിച്ചെഴുതാൻ മാറ്റി വച്ചുകൊണ്ട് ബാക്കി വിഷയങ്ങൾ കഴിഞ്ഞ മാർച്ച് പരീക്ഷക്ക് കൂടുതൽ ശ്രദ്ധിച്ച് ആസൂത്രണം ചെയ്തവരുമുണ്ട്. ഇംപ്രൂവ്മെന്റ് മാർച്ചിൽ നടത്താനുള്ള തീരുമാനം ഇത്തരക്കാരെ വെട്ടിലാക്കിയിരിക്കുകയാണ്.
പരീക്ഷ നടത്തിപ്പിലെ മാറ്റം സംബന്ധിച്ച നയപരമായ തീരുമാനം പാതിവഴിയിൽ വെച്ച് കൈക്കൊണ്ടത് ശരിയല്ല എന്നും അതുകൊണ്ടുതന്നെ ഈ വർഷം മുൻകാലങ്ങളിലെ പോലെ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തണവുമെന്ന ആവശ്യമാണ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ളത്.
അതേ സമയം രണ്ടാം വർഷം വീണ്ടും ഒന്നാം വർഷം തന്നെ പഠിപ്പിക്കുകയും നിരവധി ദിവസങ്ങൾ ഇംപ്രൂവ്മെന്റിന് വേണ്ടി നഷ്ടപ്പെടുത്തുകയും ചെയ്യാതെ സർക്കാർ പ്രഖ്യാപിച്ച രീതിയെ അനുകൂലിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.