അനധികൃത കെട്ടിട നിർമാണം: നടപടിയെടുക്കാതെ അധികൃതർ
text_fieldsപാനൂർ: നഗരസഭയിൽ ഉൾപ്പെട്ട പെരിങ്ങത്തൂരിലും ചൊക്ലി പഞ്ചായത്ത് പരിധിയിൽപെട്ട മേക്കുന്നിലും ചട്ടങ്ങൾ പാലിക്കാതെ കെട്ടിടങ്ങൾ പണിയുന്നതായി പരാതി. പെരിങ്ങത്തൂർ-അണിയാരം ബാവാച്ചി റോഡ് ആരംഭിക്കുന്നയിടത്താണ് പരസ്യമായ നിയമലംഘനം നടക്കുന്നത്. ഇവിടെ രാത്രി മാത്രമാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. ഇങ്ങനെ രണ്ട് നിലയുടെയും കോൺക്രീറ്റ് തൂണുകളുടെയും നിർമാണം പൂർത്തീകരിച്ചു. ഈ സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി ഷീറ്റ്കൊണ്ട് മറച്ചാണ് നിർമാണം നടത്തിയത്.
മേക്കുന്നിൽനിന്ന് പാനൂരിലേക്കുള്ള കവലയിലും തലശ്ശേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുമാണ് മറ്റു കടമുറി നിർമാണം നടക്കുന്നത്. കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് നിർമാണം. റോഡിൽനിന്നും ഒരു മീറ്റർപോലും വിട്ടിട്ടില്ല. കുറ്റ്യാടി-മട്ടന്നൂർ എയർപോർട്ട് റോഡ് ഇതുവഴിയാണ് കടന്നുപോകുന്നത്. നാട്ടുകാർ ചൊക്ലി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തെങ്കിലും കെട്ടിട ഉടമക്ക് അനുകൂലമായ നടപടിയാണ് പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ചട്ടങ്ങൾ പാലിക്കാതെയുള്ള നിർമാണം തുടരുകയാണെങ്കിൽ പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.