മുളിയാത്തോട് ബോംബ് സ്ഫോടനം; അന്വേഷണം ശക്തമാക്കി പാനൂർ പൊലീസ്
text_fieldsപാനൂർ: മുളിയാത്തോട് ബോംബ് നിർമിക്കുന്നതിനിടെ ഒരു സി.പി.എം പ്രവർത്തകൻ മരിക്കുകയും നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പാനൂർ സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. 12 ഓളം പേർ ഈ നിർമാണവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന ബിനീഷും ഒളിവിൽ കഴിയുന്ന ഷജിലുമാണ് ബോംബ് നിർമാണത്തിന്റെ മുഖ്യ ആസൂത്രകന്മാർ. ബിനീഷാണ് ഈ സംഘത്തിന്റെ ലീഡറെന്നാണ് പൊലീസ് പറയുന്നത്.
മുളിയാത്തോട്, കുന്നോത്ത്പറമ്പ്, ചെണ്ടയാട്, പുത്തൂർ എന്നിവിടങ്ങളിലുള്ളവരാണ് സംഘത്തിലുള്ളത്. ദിവസങ്ങളായി ഇവർ സ്ഫോടനം നടന്ന വീട്ടിൽ സംഘടിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീടിന് തൊട്ടടുത്താണ് ബിനീഷ് ഒറ്റക്ക് താമസിക്കുന്ന സഹോദരി ഭർത്താവ് വിലക്കെടുത്ത വീട്. ഇവിടെയും ഇവർ ഒത്തുകൂടാറുണ്ട്. അതിനിടെ ഇവരുടെ ഫോണുകൾ പൊലീസ് പരിശോധിച്ചുരുകയാണ്. വാട്സ്ആപ്പിൽ ചില ആർ.എസ്.എസ് പ്രവർത്തകരുമായി കഴിഞ്ഞ ദിവസങ്ങളിൽ പോർവിളി നടന്നതായും പറയപ്പെടുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിനീഷിന്റെ സംഘത്തിലുള്ളവരുമായി കൊളവല്ലൂർ കക്കാട് അടുങ്കുടി വയലിൽവെച്ച് മുളിയാത്തോടിനടുത്ത കുന്നോത്ത് പറമ്പത്ത് കുയിമ്പിൽ ക്ഷേത്ര പരിസരത്തെ ആർ.എസ്.എസുകാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇവർ തമ്മിൽ ദിവസങ്ങളായി വെല്ലുവിളികൾ തുടരുകയാണ്.
ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് ഈ വെല്ലുവിളികൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. ബ്ലേഡ്, പണം പിരിക്കൽ തുടങ്ങി ക്വട്ടേഷൻ ഏറ്റെടുക്കലാണ് ബിനീഷ് സംഘത്തിന്റെ പ്രധാന വരുമാന വഴിയെന്നും പൊലീസ് പറയുന്നു. അതിനിടെ കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തിൽ മരിച്ച ഷറിലിന്റെറെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രാദേശിക സി.പി.എം നേതൃത്വത്തിന് പുറമെ ചില പാനൂർ ഏരിയ കമ്മിറ്റിയംഗങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ബോംബ് സ്ഫോടനം നടന്ന ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു കൊണ്ടിരിക്കുന്ന ലോട്ടറി തൊഴിലാളിയായ തൊണ്ടുപാലൻ മനോഹരന്റെ വീട് പൂട്ടി പൊലീസ് സീൽ വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.