ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ
text_fieldsപാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേഗത കൂടിയതായും 2025 മാർച്ച് 30നകം പ്രവൃത്തികളെല്ലാം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ.പി. മോഹനൻ എം.എൽ.എ അറിയിച്ചു.
കോട്ടയം ഗ്രാമ പഞ്ചായത്തിലെ 3987 ഗ്രാമീണ വീടുകളിൽ 3070 വീടുകൾക്ക് നേരത്തെ കണക്ഷൻ നൽകിയിട്ടുണ്ട്. 9036 വീടുകളുള്ള കുന്നോത്ത് പറമ്പിൽ അവശേഷിക്കുന്ന 7046 വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള ടാങ്ക് നിർമാണവും പൈപ്പ് ലൈൻ സ്ഥാപിക്കലും നടന്നുവരികയാണ്. മൊകേരിയിൽ 4361 വീടുകളിലും പാട്യത്ത് 3729 വീടുകളിലും കണക്ഷൻ ലഭ്യമാക്കാനാണ് പദ്ധതി.
കുന്നോത്ത് പറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളിൽ ജൽജീവൻ മിഷൻ മുഖേന മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിന് ആവശ്യമായ നിർമാണപ്രവൃത്തി 2025 മാർച്ച് 30നകം പൂർത്തീകരിക്കും. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ കൈവേലിക്കലിൽ സ്ഥാപിക്കുന്ന 19 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കിന്റെ അടിത്തറ നിർമാണ പ്രവൃത്തിയും പാനൂർ, കൈവേലിക്കൽ, നിള്ളങ്ങൽ, ജാതിക്കൂട്ടം, ഭാഗങ്ങളിലെ പൊതുമരാമത്ത് റോഡുകളിലെ പൈപ്പ് ലൈൻ പ്രവൃത്തിയും ആരംഭിച്ചു.
ഇതിനകം കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ 118 കി.മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചു. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ 6643 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായി കല്ലിക്കണ്ടി എൻ.എ.എം. കോളജിന് സമീപത്ത് നിർമിക്കുന്ന ടാങ്കിന്റെ നിർമാണം പൂർത്തീകരിച്ച് വരികയാണ്. ഈ പഞ്ചായത്തിൽ 150 കി.മീറ്റർ പൈപ്പ് ശുദ്ധജലവിതരണത്തിനായി പൊതുമരാമത്ത് റോഡുകളിൽ സ്ഥാപിച്ചും കഴിഞ്ഞിട്ടുണ്ട്.
കുന്നോത്ത് പറമ്പിലെ 75.82 രൂപ അടങ്കലിലുള്ള പ്രവൃത്തി ഉത്തരാഖണ്ഡിലെ കാശ്മീരിലാൽ കൺസ്ട്രക്ഷൻ കമ്പനിയും തൃപ്പങ്ങോട്ടൂരിലെ 62.87 കോടി രൂപയുടെ പ്രവൃത്തി കെ. വിനോദനുമാണ് കരാറെറ്റെടുത്തത്. എടക്കാനത്തുള്ള കിണറിൽനിന്ന് വെള്ളം മുത്തപ്പൻഗിരിയിലെ ശുദ്ധീകരണശാലയിലെത്തിച്ച് ഇവിടേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി മേഖലയിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള ടാങ്ക് വലിയ വെളിച്ചത്ത് നിർമാണവും പൈപ്പിടൽ പ്രവൃത്തി 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. മണ്ഡലത്തിലെ ജൽജീവൻ മിഷൻ പദ്ധതിക്കായി 0.98 ഏക്കർ ഭൂമിയും 2.26 ഏക്കർ സ്വകാര്യ ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്.
പാനൂർ നഗരസഭയിൽ വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള കൂത്തുപറമ്പ് കുടിവെള്ള പദ്ധതിക്കായി കരിയാട് പ്രഭാവതികുന്നിലും കനകമലയിലും ടാങ്ക് സ്ഥാപിക്കുന്നതിന് ടെൻഡർ നടപടിയായിട്ടുണ്ട്. കരാർ ഉടമ്പടി വെച്ചയുടൻ പ്രവൃത്തിയാരംഭിക്കും. നഗരസഭയിൽ കുടിവെള്ളമെത്തിക്കുന്നതിന് അമൃത് പദ്ധതിക്കും അനുമതിയായിട്ടുണ്ട്. കുത്തുപറമ്പ് നഗരസഭയിൽ അമൃത് പദ്ധതിയിൽ 3020 വീടുകളിൽ വെള്ളമെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 2100 വീടുകളിൽ ഇതിനകം കുടിവെള്ളമെത്തിയിട്ടുണ്ട്. പൈപ്പ് ലൈൻ പൂർത്തിയായെങ്കിലും ജലലഭ്യത ഉറപ്പാക്കി രണ്ടു മാസത്തിനകം മുഴുവൻ പേർക്കും വെള്ളമെത്തിക്കാനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.