കടവത്തൂരിലെ കല്ലാച്ചേരിക്കടവ് പാലം; ആശങ്കയിൽ നാട്ടുകാർ
text_fieldsപാനൂർ: കണ്ണൂർ- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കടവത്തൂരിലെ കല്ലാച്ചേരി കടവ് പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ഉദ്യോഗസ്ഥന്മാർ സന്ദർശനം നടത്തിയിരുന്നു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ എതിർപ്പ് ശക്തമാകുകയാണ്.
പാലം യാഥാർഥ്യമായാൽ കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂർ, നാദാപുരം ഭാഗത്ത് എളുപ്പം എത്താൻ കഴിയും. ഇരഞ്ഞീൻ കീഴിൽ ഭാഗത്തെ യാത്രാ പ്രശ്നം പരിഹരിക്കാനും കഴിയും. ഇപ്പോൾ ഒരു കിലോമീറ്റർ നടന്നാണ് വിദ്യാർഥികളും മറ്റു യാത്രക്കാരും കടവത്തൂർ ടൗണിൽ എത്തി ബസ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ബജറ്റിൽ പാലം നിർമാണത്തിന് 10 കോടി അനുവദിച്ചിരുന്നു.
കേരള റോഡ് ഫണ്ട് ബോർഡാണ് പ്രവൃത്തി ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ഇരിങ്ങണ്ണൂർ റോഡിൽ നിന്നും നേരെ കണ്ണോൾ വയൽ വഴി റോഡിലേക്ക് പാലം വന്നിറങ്ങുന്ന രീതിയിൽ പരിഗണിച്ചിരുന്ന പദ്ധതിയുടെ പ്ലാൻ മാറിയതാണ് നിലവിലെ എതിർപ്പിന് കാരണം. ഇപ്പോഴത്തെ പ്ലാൻ പ്രകാരം പുഴക്കൽ ഭാഗത്ത് അനവധി വീടുകൾക്കും സ്വത്തുവകകൾക്കും കടകൾക്കും നാശം വരുത്തുന്നതായി പ്രദേശവാസികൾ പറയുന്നു. ചില സ്ഥാപിത താൽപര്യക്കാർക്ക് വേണ്ടി ആദ്യ പ്ലാൻ അട്ടിമറിച്ചതായാണ് ആരോപണം.
അതോടൊപ്പം കല്ലാച്ചേരിക്കടവിന് ഏറെയൊന്നും അകലെയല്ലാതെ മുണ്ടത്തോട് പാലം കഴിഞ്ഞ ഉടനെ വാച്ചാൽ സറാമ്പി ചേട്ട്യാലക്കടവ് നിന്ന് കുഞ്ഞിപ്പുര മുക്ക് വഴി മുടവന്തേരി-ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി കഴിയുന്നതോടെ കടവത്തൂർ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ നാദാപുരം വടകര ഭാഗത്തേക്ക് പോകുവാൻ കഴിയും. ഇത് കല്ലാച്ചേരി കടവ് പാലത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതായി ഒരു വിഭാഗം നാട്ടുകാർ അഭിപ്രായപ്പെടുന്നു.
അതേ സമയം പ്രദേശത്ത് വീടുകൾക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആദ്യ അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ കല്ലാച്ചേരിക്കടവിൽ പാലം വന്നാൽ 12 മീ. വീതിയിൽ പുഴക്കൽ മുതൽ ഇരഞ്ഞിൻ കീഴിൽ വഴി കടവത്തൂർ ടൌൺ വരെയും പുഴക്കൽ മുതൽ നാറോൾ പീടിക വഴി കൊല്ലൻപീടിക മുണ്ടത്തോട് പാലം വരെയും 12-14 മീറ്റർ വീതിയിൽ റോഡ് വികസനം ഉണ്ടാവുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.
നാട്ടുകാരുടെ വീടുകൾക്കും സ്വത്തിനും നഷ്ടമുണ്ടാക്കുന്ന രീതിയിൽ പാലം പണിയാനുള്ള പദ്ധതിക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും അടുത്ത ദിവസം തന്നെ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരണം ഉണ്ടാവുമെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.