കിടഞ്ഞി-തുരുത്തിമുക്ക് പാലം; യാഥാർഥ്യത്തിലേക്ക്
text_fieldsനിർദിഷ്ട കിടഞ്ഞി-തുരുത്തിമുക്ക് പാലത്തിന്റെ മാതൃക
പാനൂർ: ജില്ല അതിർത്തിയായ പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരിയെയും ബന്ധിപ്പിക്കുന്ന മാഹിപുഴക്ക് കുറുകെ നിർമിക്കുന്ന തുരുത്തിമുക്ക് പാലത്തിന് കിഫ്ബിയിൽനിന്ന് 15.28കോടി രൂപയുടെ ഭരണാനുമതി.
ഇതോടെ യാത്രക്കായി ഇപ്പോഴും ചെറുതോണികളെ മാത്രം ആശ്രയിച്ചിരുന്ന ഇരു പ്രദേശവാസികളുടെയും ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് രണ്ടുതൂണുകൾ മാത്രം നിർമിച്ചു സാങ്കേതിക പ്രശ്നങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിച്ച തുരുത്തിമുക്ക് പാലത്തിന് 2019ൽ കെ.കെ. ശൈലജയുടെ ശ്രമഫലമായിട്ടാണ് കിഫ്ബിയിൽനിന്ന് ഫണ്ടനുവദിക്കുന്നത്.
കെ.പി. മോഹനൻ എം.എൽ.എയും ഇടപെടൽ നടത്തി. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനാണ് തറക്കല്ലിട്ടത്.
പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ ഏറ്റെടുക്കേണ്ടി വരുന്ന അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പ് നടപടി വൈകിയതോടെ കരാർതുക 27 ശതമാനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി പിൻമാറുകയായിരുന്നു.
പാലം നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യവുമായി മണ്ഡലം എം.എൽ.എ കെ.പി. മോഹനൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തുകയും തുടർന്ന് അടങ്കൽ തുക പുനപരിശോധിക്കാൻ കിഫ്ബി വിദഗ്ദ സമിതിയോട് നിർദേശിക്കുകയും റിപ്പോർട്ടനുസരിച്ചു തുകഅനുവദിക്കുകയും ചെയ്തു.
പാലത്തിന്റെ നിർമാണം നിലവിൽ ഏഴ് ശതമാനം മാത്രമാണ് നേരത്തെ ഊരാളുങ്കൽ സൊസൈറ്റി പൂർത്തീകരിച്ചത്.
പുതിയ കരാർ പ്രകാരം കിടഞ്ഞി ഭാഗത്ത് 175 മീറ്ററും എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും ഇതോടെ നിർമിക്കും. 204 മീറ്റർ നീളമുള്ള പാലം സ്പാൻ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്. മാർച്ച് 26 വരെ പ്രവൃത്തിയുടെ ടെൻഡർ സ്വീകരിക്കും.
29 ന് ടെൻഡർ ഓപ്പൺ ചെയ്തു നടപടിക്രമങ്ങൾ വേഗത്തിലാക്കും. നിലവിൽ തടസ്സങ്ങൾ മുഴുവനും നീങ്ങിയ സാഹചര്യത്തിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.