മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി
text_fieldsപാനൂർ: ആരോപണങ്ങളും സമരങ്ങളും കാരണം വിവാദത്തിലായ പാനൂർ നഗരസഭയിലെ പുതുതായി നിർമിച്ച മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഒടുവിൽ ഉദ്ഘാടനത്തിന് തയാറെടുക്കുന്നു. ഡിസംബർ ഏഴിന് വൈകീട്ട് മൂന്നിന് സ്പീക്കർ എ.എൻ. ഷംസീർ കെട്ടിടം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം നഗരസഭ ചെയർമാൻ വി. നാസറിന്റെ അധ്യക്ഷതയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു. പുതിയ കെട്ടിട നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങിയില്ലെന്നാരോപിച്ച് സി.പി.എം നഗരസഭക്കെതിരെ സമരം സംഘടിപ്പിച്ചിരുന്നു. മേക്കുന്നിലെ വി.പി. സത്യൻ റോഡിലാണ് കെട്ടിടം. നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തോടു ചേർന്നുതന്നെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ദിവസവും നൂറിലധികം ഒ.പിയുള്ള പഴയ കെട്ടിടത്തിൽ സൗകര്യങ്ങൾ പരിമിതമാണ്. പിണറായിയിലെ വാപ്കോസ് ആണ് പുതിയ കെട്ടിടം നിർമിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഈ സ്ഥാപനം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി ഒരുകോടിയിലധികം രൂപ ചെലവിലാണ് പുതിയ കെട്ടിടനിർമാണം.
വി.പി. സത്യൻ റോഡിൽ ലഭ്യമായ ആറ് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം. മൂന്ന് സെൻറ് സ്ഥലം മേക്കുന്നിലെ വട്ടപ്പറമ്പത്ത് ചന്ദ്രൻ സൗജന്യമായി നൽകി. മൂന്ന് സെൻറ് വിലകൊടുത്തും വാങ്ങി. ഒ.പി വിഭാഗം, നിരീക്ഷണമുറി, ലാബ്, ഫാർമസി, പരിശോധന മുറികൾ, ശൗചാലയം, ജീവനക്കാർക്കുള്ള മുറി തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടം പ്രവർത്തനക്ഷമമായാലും പഴയ കെട്ടിടം പൊളിക്കില്ലെന്നാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.