നഗരസഭ ചെയർമാൻ സർക്കാറിനെ കുറ്റപ്പെടുത്തി; എം.എൽ.എ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി
text_fieldsപാനൂർ: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും എം.എൽ.എ ഫണ്ടുകളുടെ വിനിയോഗം സമയ ബന്ധിതമായി പൂർത്തീകരിക്കാനും എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽനിന്ന് കെ.പി. മോഹനൻ എം.എൽ.എ ഇറങ്ങിപ്പോയി. പാനൂർ നഗരസഭ കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ ചെയർമാൻ വി. നാസർ സർക്കാറിനെ വിമർശിച്ചതാണ് കെ.പി. മോഹനനെ പ്രകോപിപ്പിച്ചത്.
ഭരണനിർവഹണം നടത്താൻ ഉദ്യോഗസ്ഥൻമാരുടെ കുറവ് നികത്താൻ സർക്കാർ തയാറാകണമെന്നും എം.എൽ.എ അതിന് ഇടപെടണമെന്നും വി. നാസർ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീയർ ഇല്ലാത്തതും പകരം മൊകേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണ് കാര്യനിർവഹണം നടത്തുന്നതെന്നും ഏഴു ഓവർസിയർമാർ വേണ്ടിടത്ത് മൂന്നു പേർ മാത്രമാണുള്ളതെന്നും വി. നാസർ ചൂണ്ടിക്കാട്ടി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അത്തരം പ്രശ്നമുണ്ടെന്നും അത് എടുത്തു പറയേണ്ടേന്നും കെ.പി. മോഹനൻ മറുപടി നൽകി. തുടർന്ന് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഭരണനിർവഹണ ഉദ്യോഗസ്ഥർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്ത മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വഴി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗമാണ് എം.എൽ.എ ബഹിഷ്കരിച്ചത്. അതേസമയം പദ്ധതി അവലോകന യോഗത്തിൽ എം.എൽ.എയുടെ സംസാരം ചെയർമാർ തടസ്സപ്പെടുത്തിയതാണ് എം.എൽ.എ ഇറങ്ങിപോകാൻ കാരണമെന്ന് എൽ.ഡി.എഫ് നഗരസഭ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ അധ്യക്ഷനായ നാഗരസഭ ചെയർമാൻ ഇടക്ക് കയറി എം.എൽ.എയുടെ സംസാരം തടസ്സപ്പെടുത്തുകയും രാഷ്ട്രീയ പാർട്ടിയുടെ പരിപാടി പോലെ യോഗത്തെ കൊണ്ടെത്തിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു എം.എൽ.എ ഇറങ്ങിപ്പോയതെന്നും എൽ.ഡി.എഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.