സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 500ഓളം ഒഴിവുകൾ
text_fieldsപാനൂർ: കേരളത്തിലങ്ങോളമിങ്ങോളം പഞ്ചായത്തുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 500ഓളം തസ്തികകൾ. ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ വാതിൽപ്പടി സേവനം, ലൈഫ് പ്രവർത്തനങ്ങൾ ഉൾപ്പെടെ തിരക്കുപിടിച്ച കാലമായിട്ടും പഞ്ചായത്ത് വകുപ്പിൽ ഈ തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.
തദ്ദേശവകുപ്പ് ഓൺലൈനായി പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 64 സെക്രട്ടറിമാർ, 36 അസി. സെക്രട്ടറിമാർ,15 അക്കൗണ്ടന്റ്, 11 ക്ലർക്ക്, 68 സീനിയർ ക്ലർക്ക് എന്നിങ്ങനെയുള്ള തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥലംമാറ്റം ഓൺലൈനായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഫയൽ ചെയ്ത കേസിൽ അനുകൂല വിധി ഉണ്ടായിട്ടും ഭരണകക്ഷി യൂനിയനുകളുടെ താൽപര്യമില്ലായ്മ കാരണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
തങ്ങളുടെ താൽപര്യങ്ങൾ നടപ്പാക്കാനും പകപോക്കലിനും വേണ്ടിയാണ് യൂനിയനുകൾ ഓൺലൈൻ സ്ഥലംമാറ്റം നീട്ടിക്കൊണ്ടുപോയതെന്ന് ആക്ഷേപമുണ്ട്. കോടതിയലക്ഷ്യത്തെ ഭയന്ന് ഗത്യന്തരമില്ലാത്ത ഘട്ടത്തിലാണ് വകുപ്പ് ഓൺലൈൻ ട്രാൻസ്ഫറിനായി മേയ് അഞ്ചിന് ഉത്തരവിറക്കിയത്.ഇൻഫർമേഷൻ കേരള മിഷനെത്തന്നെ സോഫ്റ്റ് വെയർ തയാറാക്കാൻ ഏൽപിച്ചത് നേരാംവണ്ണം നടക്കരുതെന്ന വകുപ്പിന്റെയും യൂനിയന്റെയും നിർബന്ധമാണെന്നാണ് ജീവനക്കാരുടെ ആരോപണം.
മൂന്നുമാസമായി മിഷന്റെ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇപ്പോഴും വിവരശേഖരണം പോലും പൂർത്തിയാക്കാനായില്ല. സാങ്കേതിക തകരാറുകൾ കാരണം സ്ഥലംമാറ്റ സമയക്രമം മൂന്നു പ്രാവശ്യം മാറ്റി ഉത്തരവിറക്കി. സ്ഥലംമാറ്റവും പ്രമോഷനും എന്ന് നടക്കുമെന്നത് ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽതന്നെ സ്ഥലംമാറ്റം നടത്താനുള്ള യൂനിയനുകളുടെയും വകുപ്പിലെ ഒരുവിഭാഗത്തിന്റെയും താൽപര്യമാണ് ഇതിനുപിന്നിലുള്ളതെന്നാണ് വിമർശനം.
പദ്ധതി നിർവഹണത്തിന്റെയും മറ്റു പ്രവർത്തനങ്ങളുടെയും തിരക്കുപിടിച്ച സമയത്ത് നൂറോളം ഒഴിവുകൾ സെക്രട്ടറി, അസി. സെക്രട്ടറി തലത്തിൽ ഉൾപ്പെടെയുള്ളപ്പോൾ ഇതിനെതിരെ ഭരണകക്ഷിയിൽപെട്ട പ്രസിഡന്റുമാർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.