സംസ്ഥാനത്തെ ആദ്യ ശുചിത്വ ബ്ലോക്കായി പാനൂർ
text_fieldsപാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ ശുചിത്വ ബ്ലോക്കായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പ്രഖ്യാപനം നിർവഹിച്ചു.മാലിന്യ സംസ്കരണ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനകം നടത്തിയത്. വീടുകളിൽനിന്ന് ഹരിതസേന അംഗങ്ങൾ അജൈവ മാലിന്യം ശേഖരിച്ച് ഗ്രാമപഞ്ചായത്തുകളിലെ മെറ്റീരിയൽ കലക്ഷൻ സെൻററിൽ എത്തിക്കുന്നതാണ് ഒന്നാംഘട്ടം.
അവിടെനിന്ന് ഇവ വേർതിരിച്ച് ബ്ലോക്ക് പഞ്ചായത്തിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ എത്തിക്കും. തുടർന്ന് പുനഃചംക്രമണം നടത്താൻ പറ്റുന്നത് നടത്തിയും പ്ലാസ്റ്റിക് മാലിന്യം പൊടിച്ചും മാലിന്യം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.ക്ലീൻ കേരള കമ്പനിയുമായി ധാരണപത്രം ഒപ്പുവെച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയതും പാനൂർ ബ്ലോക്ക് പഞ്ചായത്താണ്.
മാലിന്യ സംസ്കരണം വഴി ബ്ലോക്ക് പഞ്ചായത്തിന് തനതു വരുമാനം വർധിപ്പിക്കാനായതും മാതൃകയായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കതിരൂർ, മൊകേരി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകൾ ശുചിത്വ പഞ്ചായത്തുകളായി മാറ്റിയതിനെ തുടർന്നാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ബ്ലോക്കായി പ്രഖ്യാപിക്കപ്പെട്ടത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വ ഗ്രേഡിങ് നടത്തി ഹരിത തദ്ദേശ സ്വയംഭരണ സ്ഥാപനമാക്കി പ്രഖ്യാപനം നടത്തുന്നതിന് ശുചിത്വ മിഷനും ഹരിത കേരളം മിഷനും കരട് മാനദണ്ഡങ്ങൾ തയാറാക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുപ്രകാരം ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തയാറാക്കിയ മാലിന്യ സംസ്കരണ സംവിധാനത്തെ കുറിച്ചുള്ള 20 ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ, ഗ്രേഡിങ് നടത്തിയാണ് ഓരോ പഞ്ചായത്തിനെയും ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നത്. ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്തുകളെ ജില്ലതല ശുചിത്വ പദവി അവലോകന സമിതി പരിശോധനക്ക് വിധേയമാക്കും.ജില്ല കലക്ടറാണ് അവലോകന സമിതി ചെയർമാൻ. 12 ചോദ്യങ്ങളെ മുൻനിർത്തിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
ചടങ്ങിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ഷിമി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുഗീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എ. ശൈലജ, വി.കെ. രാഗേഷ്, കെ. ഷീബ, ടി. വിമല, നാല് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിമാർ, ഗ്രാമപഞ്ചായത്തുകളിലെ വി.ഇ.ഒമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ഷമീമ, ബ്ലോക്ക് മെംബർ കെ.എം. സപ്ന എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി. സുഭാഷ് സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫിസർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.