ഇ-കോളി ബാക്ടീരിയ സാന്നിധ്യം: എലാങ്കോട് മേഖലയിൽ കുടിവെള്ളം മുട്ടി
text_fieldsപാനൂർ: നഗരസഭയിലെ എലാങ്കോട് മേഖലയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. 40 വർഷത്തോളമായി പ്രദേശവാസികൾ ഉപയോഗിക്കുന്ന, തട്ടിൽപാറ ലക്ഷംവീട് കോളനിയിലെ പൊതുകിണറിലും മാവിലാട്ട് തോട് ഉൾപ്പെടെയുള്ള പല ജലാശലയങ്ങളിലുമാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കിണറിൽ വലിയ തോതിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കോളനിവാസികൾ ദുരിതത്തിലായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. പി.എം.എ.വൈ പദ്ധതി പ്രകാരം നിർമിച്ച 13 വീടുകളിലെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഈ കിണറിൽനിന്നുള്ള കുടിവെള്ള ഉപയോഗം പൂർണമായും ഒഴിവാക്കാൻ നിർദേശം നൽകി. തൊട്ടടുത്ത വീടുകളിൽനിന്നാണ് ഇപ്പോൾ കോളനിവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്.
തൊട്ടടുത്ത ഇൻറർലോക്ക് കമ്പനിയിൽനിന്ന് കോളനിയിലേക്ക് വെള്ളം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. മോട്ടോർവെച്ച് കോളനിയിലേക്ക് വെള്ളം പമ്പുചെയ്ത് ശേഖരിക്കാനുള്ള സംവിധാനം നഗരസഭ ഒരുക്കണമെന്നാണ് ആവശ്യം. കോളനിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഉണ്ടെങ്കിലും എല്ലാ സമയവും വെള്ളം ലഭിക്കാറില്ല. ചിലപ്പോൾ കലങ്ങിയ വെള്ളമാണ് ലഭിക്കാറുള്ളതെന്നും നാട്ടുകാർ പറയുന്നു. കോളനിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചുനൽകാൻ നഗരസഭ മുൻകൈയെടുക്കണമെന്നാണ് കോളനിവാസികളുടെ അവശ്യം.
എവിടെ നിന്നാണ് കിണറിൽ ബാക്ടീരിയ എത്തിയതെന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ശ്രമമാരംഭിച്ചിട്ടുണ്ട്. പരിസരത്തെ വീടുകളിലെ മാലിന്യ ടാങ്കുകളും പരിശോധിക്കുന്നുണ്ട്. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലപരിശോധന നടത്തിയപ്പോഴാണ് മാവിലാട്ട് തോട്ടിലും മറ്റും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്തെ മുഴുവൻ വീട്ടുകിണറുകളും പരിശോധിച്ച് ശുദ്ധജലലഭ്യത ഉറപ്പുവരുത്തണമെന്ന് നഗരസഭ കൗൺസിലർ എം. രത്നാകരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.