വേണം, പാറാട് വൈദ്യുതി സെക്ഷൻ ഓഫിസ് കേന്ദ്രമായി 110 കെ.വി സബ് സ്റ്റേഷൻ
text_fieldsപാനൂർ: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് അമിത ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന പാറാട് വൈദ്യുതി സെക്ഷൻ ഓഫിസ് കേന്ദ്രമായി 110 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാറാട് വൈദ്യുതി സെക്ഷൻ പരിധിയിലെ വൈദ്യുതി വിതരണം പുത്തൂർ 33 കെ.വി സബ്സ്റ്റേഷനിലൂടെയാണ്. പുത്തൂർ, ചെണ്ടയാട്, മുളിയാത്തോട് ഫീഡറുകളിൽനിന്നാണ് നിലവിൽ പാറാട് സെക്ഷനിലേക്കുള്ള വൈദ്യുതി വിതരണം.
കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളിലെ പുത്തൂർ, കണ്ണങ്കോട്, ആനപ്പാലം, മുളിയാത്തോട്, പൂവത്തിൻ കീഴിൽ, കുന്നോത്തുപറമ്പ്, ചെറുപറമ്പ്, എലിക്കുന്ന്, വാഴമല, നരിക്കോട്ട് മല, ചമതക്കാട്, വടക്കെ പൊയിലൂർ, പൊയിലൂർ, വിളക്കോട്ടൂർ, തെക്കുംമുറി, തൂവക്കുന്ന്, കല്ലിക്കണ്ടി, ചെറ്റക്കണ്ടി പ്രദേശങ്ങളിലും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ചെന്നപ്പൊയിൽ കോളനിഭാഗത്തും വൈദ്യുതി വിതരണം ഈ വൈദ്യുതി സെക്ഷനിലൂടെയാണ്. കൂടാതെ കോഴിക്കോട് ജില്ലയിലെ കായലോട്ട് താഴെ പാലത്തോട് ചേർന്നുകിടക്കുന്ന താനക്കോട്, ചെക്യാട് പ്രദേശങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണവും ഇതേ സെക്ഷനിൽനിന്നു തന്നെ. കടവത്തൂർ മേഖലയിലെ മിക്ക ഭാഗങ്ങളും പാറാട് സെക്ഷനിലാണ്.
നിരവധി ക്വാറികളും സ്റ്റോൺ ക്രഷറുകളും പാറാട് സെക്ഷൻ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും മേഖലയിലുണ്ട്. 33 കെ.വി ലൈനിലുണ്ടാകുന്ന തകരാർ പ്രദേശത്തെ വൈദ്യുതി വിതരണത്തിന് പലപ്പോഴും തടസ്സമുണ്ടാക്കുന്നുണ്ട്.
വൈദ്യുതിമുടക്കവും മതിയായ വോൾട്ടേജ് ലഭിക്കാത്തതും ക്രഷറുകൾ, വെൽഡിങ് സ്ഥാപനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. പാറാട് സെക്ഷനിലേക്ക് മറ്റു സബ് സ്റ്റേഷനുകളിൽനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് മതിയായ സൗകര്യമില്ലാത്തത് പ്രയാസമുണ്ടാക്കുന്നതായി ജീവനക്കാരും പറയുന്നു.
പുതിയ സബ്സ്റ്റേഷനു വേണ്ടി തൃപ്രങ്ങോട്ടൂരിൽ അരയാക്കണ്ടി ട്രാൻസ്ഫോമറിനടുത്ത് മുണ്ടത്തോട് റോഡിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂന്നുതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സ്ഥലമേറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കി സബ് സ്റ്റേഷൻ നിർമാണം ആരംഭിക്കണമെന്നതാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.